അന്താരാഷ്ട്ര വിമര്‍ശനങ്ങള്‍ക്ക് പുല്ലുവില; ഫലസ്തീനി ഭവനങ്ങള്‍ തകര്‍ത്ത് ഇസ്രായേല്‍ സൈന്യം

വിഭജന മതിലിനു സമീപത്തെ സര്‍ ബഹര്‍ ഗ്രാമത്തിലെ ഫലസ്തീന്‍ ഭവനങ്ങളാണ് നൂറുകണക്കിന് സൈനികരുടെ അകമ്പടിയുമായെത്തിയ ബുള്‍ഡോസറുകള്‍ തകര്‍ക്കുന്നത്.

Update: 2019-07-22 11:31 GMT

ജറുസലേം: അന്താരാഷ്ട്ര തലത്തിലുള്ള വിമര്‍ശനങ്ങള്‍ക്കും ഫലസ്തീനികളുടെ കടുത്ത പ്രതിഷേധങ്ങള്‍ക്കുമിടെ ഫലസ്തീനിയന്‍ ഭവനങ്ങള്‍ ഇസ്രായേല്‍ സൈന്യം തകര്‍ത്ത് തുടങ്ങി. വിഭജന മതിലിനു സമീപത്തെ സര്‍ ബഹര്‍ ഗ്രാമത്തിലെ ഫലസ്തീന്‍ ഭവനങ്ങളാണ് നൂറുകണക്കിന് സൈനികരുടെ അകമ്പടിയുമായെത്തിയ ബുള്‍ഡോസറുകള്‍ തകര്‍ക്കുന്നത്.ഏതാണ്ട് നൂറോളം വീടുകളുള്ള 16 റസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങുകളാണ് തിങ്കളാഴ്ച തകര്‍ക്കാന്‍ ലക്ഷ്യമിടുന്നതെന്ന് പ്രദേശവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഫലസ്തീനികള്‍ 'അപ്പാര്‍ത്തീഡ് വാള്‍' എന്നു വിശേഷിപ്പിക്കുന്ന അധിനിവേശ വെസ്റ്റ് ബാങ്കിലെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മതിലിനടുത്തുള്ള പ്രദേശങ്ങളിലെ വീടുകള്‍ തകര്‍ക്കാനാണ് ഇസ്രയേല്‍ സൈന്യത്തിന്റെ തീരുമാനം.

ഈ വിഷയത്തില്‍ സൈന്യത്തിന് അനുകൂലമായി ഇസ്രേയേലി സുപ്രീം കോടതി വിധി പുറപ്പെടുവിക്കുകയും വീടുകള്‍ തിങ്കളാഴ്ച തകര്‍ക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. 1993ലെ ഓസ്ലോ ഉടമ്പടി പ്രകാരം പലസ്തീനിയന്‍ അതോറിറ്റിക്കു കീഴില്‍ വരുന്ന സുര്‍ ബഹര്‍ ഗ്രാമത്തിനുള്ളിലുള്ള വീടുകളാണ് തകര്‍ക്കാന്‍ നിര്‍ദേശിച്ചവയില്‍ പലതുമെന്നാണ് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രാദേശിക സമയം രാവിലെ 7.15ഓടെയാണ് വീടുകള്‍ പൊളിച്ചുമാറ്റാന്‍ തുടങ്ങിയത്.

Tags:    

Similar News