ആരോഗ്യസ്ഥിതി വഷളായി; ഫലസ്തീന്‍ നിരാഹാര സമരക്കാരന്റെ തടങ്കല്‍ ഇസ്രായേല്‍ കോടതി താല്‍ക്കാലികമായി മരവിപ്പിച്ചു

പൂര്‍ണ മോചനം ലഭിക്കുന്നതുവരെ നിരാഹാരം സമരം തുടരുമെന്ന് അവ്‌ദേയുടെ അഭിഭാഷകന്‍ അഹ്‌ലം ഹദ്ദാദ് പറഞ്ഞു. നിരുപാധികം മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഔദ 168 ദിവസമായി നിരഹാര സമരം നടത്തിവരികയാണ്.

Update: 2022-08-21 06:08 GMT

തെല്‍ അവീവ്: ഇസ്രായേലി ജയിലില്‍ ആറു മാസത്തോളമായി നിരാഹാര സമരം നടത്തിവരുന്ന ഫലസ്തീന്‍ തടവുകാരന്‍ ഖലീല്‍ ഔദയുടെ ഭരണപരമായ തടങ്കല്‍ ഇസ്രായേലി സൈനിക കോടതി വെള്ളിയാഴ്ച താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ആരോഗ്യസ്ഥിതി വഷളായതിനാല്‍ വൈദ്യസഹായം അനുവദിക്കുന്നതിനാണ് തടങ്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.

അതേസമയം, പൂര്‍ണ മോചനം ലഭിക്കുന്നതുവരെ നിരാഹാരം സമരം തുടരുമെന്ന് അവ്‌ദേയുടെ അഭിഭാഷകന്‍ അഹ്‌ലം ഹദ്ദാദ് പറഞ്ഞു. നിരുപാധികം മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഔദ 168 ദിവസമായി നിരഹാര സമരം നടത്തിവരികയാണ്.

40 കാരനായ ഔദ ഒരു ഭീകര സംഘടനയിലെ അംഗമാണെന്നാണ് ഇസ്രായേല്‍ വാദം. എന്നാല്‍, ഈ ആരോപണം ഔദ നിഷേധിച്ചു. അദ്ദേഹത്തിനെതിരേ ഔപചാരികമായ ഒരു കുറ്റവും ചുമത്തിയിട്ടില്ല.

ഈ മാസം ആദ്യം ഗസ മുനമ്പില്‍ 17 കുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടെ 49 പേര്‍ കൊല്ലപ്പെടുകയും 360 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത മൂന്ന് ദിവസത്തെ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിച്ച് ഈജിപ്ഷ്യന്‍ മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തലിന്റെ ഭാഗമായി ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദ് അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നിരുന്നാലും, ഇസ്‌ലാമിക് ജിഹാദ് ഔദയെ ഫലസ്തീന്‍ പ്രസ്ഥാനത്തിന്റെ അംഗമായി അംഗീകരിച്ചിട്ടില്ല.

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തടങ്കല്‍ മരവിപ്പിച്ച ഇസ്രായേല്‍ സൈനിക കോടതി, ആരോഗ്യനില മെച്ചപ്പെട്ടാല്‍ തടങ്കല്‍ പുനരാരംഭിക്കുമെന്ന് അറിയിച്ചു. നിയമവിരുദ്ധമായ ഇസ്രയേലി ഭരണ തടങ്കലില്‍ പ്രതിഷേധിച്ച് വര്‍ഷങ്ങളായി നീണ്ട നിരാഹാര സമരം നടത്തിയ പലസ്തീനിയന്‍ തടവുകാരില്‍ ഒരാളാണ് നാല് മക്കളുടെ പിതാവായ ഔദ.


Tags:    

Similar News