ഗസയില്‍ ആശുപത്രിക്കു നേരെ വീണ്ടും നരനായാട്ട്; ആംബുലന്‍സുകള്‍ ബോംബിട്ട് തകര്‍ത്തു, ഭയാനക ദൃശ്യങ്ങള്‍

Update: 2023-11-03 17:09 GMT

ഗസ: അനുദിനം കൂടുതല്‍ രക്തരൂക്ഷിതമാവുന്ന ഗസയില്‍ ആശുപത്രിക്കു നേരെ വീണ്ടും ഇസ്രായേല്‍ നരനായാട്ട്. വ്യോമാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് കഴിയുന്ന ഗസയിലെ അല്‍ ഷിഫ ആശുപത്രിക്കും ആംബുലന്‍സുകള്‍ക്കും നേരെയാണ് ബോംബിങുണ്ടായത്. ആംബുലന്‍സുകള്‍ തകര്‍ക്കുകയും നിരവധി പേരെ കൊലപ്പെടുത്തുകയും ചെയ്തു. ഇതിന്റെ ഭയാനകദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നിരവധി പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റവരുമായി റഫ അതിര്‍ത്തി വഴി ഈജിപ്തിലേക്ക് പോവുകയായിരുന്ന ആംബുലന്‍സുകള്‍ക്കുമേലാണ് ഇസ്രായേല്‍ ബോംബ് വര്‍ഷിച്ചത്. അല്‍ ഷിഫയുടെ മുന്‍ വശത്തെ പ്രധാന ഗേറ്റിലാണ് ആക്രമണം. 5000ത്തിലേറെ പേരാണ് ഇവിടെ ഇപ്പോഴും ചികില്‍സയില്‍ കഴിയുന്നത്. ഇസ്രായേല്‍ ആക്രമണത്തിലെ ഇരകളായ ആയിരക്കണക്കിന് പേര്‍ ആശുപത്രിയും മുന്‍വശത്തെയും പിറകുവശത്തെയും കോംപൗണ്ടില്‍ കഴിയുന്നുണ്ട്. ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഗുരുതരമായി പരിക്കേറ്റവരുമായി പോവുകയായിരുന്ന ആംബുലന്‍സുകളുടെ നിരയെയാണ് ഇസ്രായേല്‍ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ 20ഓളം പേരാണ് ആംബുലന്‍സുകളിലുണ്ടായിരുന്നത്.

    


ഗുരുതര പരിക്കേറ്റവരുമായി പോയ ഒരു മെഡിക്കല്‍ സംഘത്തെയാണെന്ന് ആക്രമിച്ചതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. ഇക്കാര്യം ഞങ്ങള്‍ റെഡ് ക്രോസിനെയും റെഡ് ക്രെസന്റിനെയും അറിയിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ, ആക്രമണത്തില്‍നിന്ന് രക്ഷതേടി തെക്കന്‍ ഗസയിലേക്ക് പോവുകയായിരുന്ന ഫലസ്തീനികള്‍ക്കുനേരെയും വ്യോമാക്രമണമുണ്ടായി. കുട്ടികള്‍ ഉള്‍പ്പെടെ 14 പേരാണ് കൊല്ലപ്പെട്ടത്. യുദ്ധം തുടങ്ങിയ ശേഷം കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 9000 കടന്നു.

  


അതേസമയം, ആംബുലന്‍സുകള്‍ക്കു നേരെയുണ്ടായ ആക്രമണം സയണിസ്റ്റ് അധിനിവേശകരുടെ ഹീനവും ആസൂത്രിതവുമായ കൂട്ടക്കൊലയാണെന്ന് ഹമാസ് പ്രതികരിച്ചു. അല്‍ഷിഫ ഹോസ്പിറ്റലിന്റെ ഗേറ്റിന് മുന്നില്‍ പരിക്കേറ്റവരും പരിക്കേറ്റവരുമായ പോവുകയായിരുന്ന ആംബുലന്‍സുകളുമാണ് ബോംബിട്ട് തകര്‍ത്തത്. ഭീകരമായ സയണിസ്റ്റ് അധിനിവേശം വീണ്ടും ഹീനവും ആസൂത്രിതവുമായ കൂട്ടക്കൊല നടത്തുകയാണ്. ഇത് നിരവധി രക്തസാക്ഷികള്‍ക്കും ഡസന്‍ പേര്‍ക്ക് പരിക്കേല്‍ക്കാനും കാരണമായി. ഒരേ സമയം അല്‍ഖുദ്‌സ് ഹോസ്പിറ്റലിന്റെയും ഇന്തോനേഷ്യന്‍ ഹോസ്പിറ്റലിന്റെയും പരിസരത്താണ് ആക്രമണം. മെഡിക്കല്‍ മേഖലയെയും ലക്ഷ്യം വയ്ക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. നാസി അധിനിവേശം ഒരു പരിഗണനയും ശ്രദ്ധിക്കുന്നില്ല. നാസി-സയണിസ്റ്റ് അധിനിവേശത്തിനും ഭീകരതയ്ക്കും വേണ്ടിയുള്ള ലജ്ജാകരമായ നിശ്ശബ്ദതയിലൂടെയും ലജ്ജാകരമായ അമേരിക്കന്‍ പിന്തുണയിലൂടെയും മനുഷ്യരാശിയെ നശിപ്പിക്കുന്ന ഈ കൂട്ടക്കൊലയ്ക്ക് യുഎസും അന്താരാഷ്ട്ര സമൂഹവുമാണ് ഉത്തരവാദികള്‍. കൂടാതെ ഈ ക്രിമിനല്‍ അധിനിവേശകര്‍ സിവിലിയന്മാരെയും ലക്ഷ്യമിട്ട് കൂടുതല്‍ കൂട്ടക്കൊലകള്‍ നടത്തുന്നതിനെതിരേ മുന്നറിയിപ്പ് നല്‍കുന്നതായും ഹമാസ് പ്രസ്താവനയില്‍ അറിയിച്ചു.

  

അതിനിടെ, ഇന്‍ഡോനേഷ്യന്‍ ആശുപത്രിയിലെ മുഴുവന്‍ ആരോഗ്യ പരിരക്ഷാ സംവിധാനവും തകര്‍ന്നതായും ഡോക്ടര്‍മാര്‍ തറയിലാണ് ശസ്ത്രക്രിയ നടത്തുന്നതെന്നും മാനേജര്‍ അല്‍ ജസീറയോട് പറഞ്ഞു.

Tags:    

Similar News