ഗസയിലെ ഹമാസ് കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രായേല്‍ വ്യോമാക്രമണം

ശനിയാഴ്ച രാവിലെയാണ് ഗസയില്‍ ഇസ്രായേല്‍ അധിനിവേശ സൈന്യം ആക്രമണം നടത്തിയത്.

Update: 2021-08-07 16:31 GMT

ഗസാ സിറ്റി: ഗസാ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രായേല്‍ യുദ്ധ വിമാനങ്ങള്‍ വ്യോമാക്രമണം നടത്തി. ശനിയാഴ്ച രാവിലെയാണ് ഗസയില്‍ ഇസ്രായേല്‍ അധിനിവേശ സൈന്യം ആക്രമണം നടത്തിയത്.

കഴിഞ്ഞ ദിവസം ഗസാ മുനമ്പില്‍നിന്നും ഇസ്രായേലിലേക്ക് ബലൂണ്‍ ബോംബുകള്‍ വിക്ഷേപിച്ചെന്ന് ആരോപിച്ചാണ് ഇസ്രായേല്‍ സൈന്യം ആക്രമണം അഴിച്ചുവിട്ടത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവന്നിട്ടുണ്ട്. വ്യോമാക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റതായോ നാശനഷ്ടമോ റിപോര്‍ട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ ദിവസം തുടര്‍ച്ചയായി തീ പിടിപ്പിച്ച ബലൂണുകള്‍ ഗസ്സ മുനമ്പില്‍ നിന്നും ഇസ്രായേലിലേക്ക് വന്നതായും ഇതിനുള്ള മറുപടിയായാണ് റോക്കറ്റാക്രമണം നടത്തിയതെന്നും ഇസ്രായേല്‍ സൈനിക വൃത്തങ്ങള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, സംഭവത്തോട് ഹമാസ് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മെയില്‍ 11 ദിവസം നീണ്ട ആക്രമണമാണ് ഇസ്രായേല്‍ അധിനിവേശ സൈന്യം ഗസാ മുനമ്പില്‍ നടത്തിയത്. ഗസ നിയന്ത്രിക്കുന്ന ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഹമാസ് ശക്തമായ ചെറുത്തുനില്‍പ്പും ഇക്കാലയളവില്‍ നടത്തിയിരുന്നു. തുടര്‍ന്ന് ഈജിപ്ഷ്യന്‍ മധ്യസ്ഥതയില്‍ ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന് ശേഷവും ഇരു വിഭാഗവും പരസ്പരം ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്തിയിരുന്നു.

Tags: