കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതാണോ, ഹിന്ദു-മുസ്‌ലിം ചര്‍ച്ചയാണോ രാജ്യസ്‌നേഹം: കേജ്‌രിവാള്‍
വൈദ്യുതി, വെള്ളം, റോഡുകള്‍ എന്നിവ മെച്ചപ്പെടുത്തുന്നതാണോ അതോ കലാപത്തിന് പ്രേരിപ്പിന്നതാണോ ദേശസ്‌നേഹം?,' കേജ്‌രിവാള്‍ ചോദിച്ചു.
ന്യൂഡല്‍ഹി: രാജ്യസ്‌നേഹം എന്താണെന്ന് ജനങ്ങള്‍ തീരുമാനിക്കേണ്ട സമയം ആഗതമായെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാള്‍. 21ാം നൂറ്റാണ്ടില്‍ ജനങ്ങള്‍ക്കിടയില്‍ ഇന്ത്യ വിദ്വേഷത്തിന്റെ ഉല്‍പ്പന്നമാകരുതെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി എട്ടിന് നടക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കെജ്‌രിവാള്‍.
'കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതാണോ ഹിന്ദുമുസ്‌ലിം ചര്‍ച്ച നടത്തുന്നതാണോ യഥാര്‍ഥ ദേശസ്‌നേഹം? മിതമായ നിരക്കില്‍ ആരോഗ്യ സംരക്ഷണം നല്‍കുന്നതാണോ, അതോ ഹിന്ദുമുസ്‌ലിം ചര്‍ച്ചയാണോ? വൈദ്യുതി, വെള്ളം, റോഡുകള്‍ എന്നിവ മെച്ചപ്പെടുത്തുന്നതാണോ അതോ കലാപത്തിന് പ്രേരിപ്പിന്നതാണോ ദേശസ്‌നേഹം?,' കേജ്‌രിവാള്‍ അഭിമുഖത്തില്‍ ചോദിച്ചു.
'ശാഹീന്‍ ബാഗ്, ശാഹീന്‍ ബാഗ്, ശാഹീന്‍ ബാഗ്' എന്ന് പറഞ്ഞുകൊണ്ടുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രചാരണം പരാജയപ്പെട്ടെന്നും അതുകൊണ്ടാണ് ശാഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ക്ക് നേരെ നിറയൊഴിച്ച അക്രമിക്ക് ആം ആദ്മി പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ബിജെപി ശ്രമിക്കുന്നതെന്നും കേജ്‌രിവാള്‍ പറഞ്ഞു.
കഴിഞ്ഞയാഴ്ച ശാഹീന്‍ ബാഗില്‍ രണ്ട് തവണ വെടിവയ്പ് നടത്തിയ കപില്‍ ബൈസാല ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നുവെന്ന ഡല്‍ഹി പോലിസിന്റെ വാദത്തിനും കേജ്‌രിവാള്‍ മറുപടി പറഞ്ഞു.
'അയാളെ ജയിലിലടയ്ക്കുക. തടവ് ശിക്ഷ രണ്ട് വര്‍ഷമാണ്. അയാള്‍ക്ക് ആം ആദ്മി പാര്‍ട്ടിയുമായി ബന്ധമുണ്ടെങ്കില്‍ അത് നാല് വര്‍ഷത്തേക്ക് നീട്ടുക. തിരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് അയാളുടെ ചിത്രങ്ങള്‍ പുറത്തു വരികയെന്നത് കൃത്യമായ ഗൂഢാലോചനയാണ്. എനിക്കെതിരായ അമിത് ഷാ ജിയുടെ പ്രവര്‍ത്തനങ്ങളൊന്നും വിജയിച്ചില്ല. അദ്ദേഹം എല്‍ജെപി, ജെഡി (യു), ആര്‍ജെഡി തുടങ്ങി പല പാര്‍ട്ടികളെയും എനിക്കെതിരെയാക്കാന്‍ ശ്രമിച്ചു. പക്ഷേ അത് നടന്നില്ല. എന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു, പക്ഷേ അതും പരാജയപ്പെട്ടു. പിന്നീട് അദ്ദേഹം ശാഹീന്‍ ബാഗ്, ശാഹീന്‍ ബാഗ്, ശാഹീന്‍ ബാഗ് എന്ന് പറഞ്ഞു. അതും പരാജയപ്പെട്ടു. ഇപ്പോള്‍ ഡല്‍ഹി പോലിസാണ് അവരുടെ അവസാന ആശ്രയം. അവര്‍ ചില ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ തന്റെ മകന് ആം ആദ്മി പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് കപിലിന്റെ പിതാവ് തന്നെ പറഞ്ഞു കഴിഞ്ഞു.' കെജ്‌രിവാള്‍ വ്യക്തമാക്കി.
