സൗദിയിലെ ശസ്ത്രക്രിയ വിജയം; ഇറാഖി സയാമീസ് ഇരട്ടകളെ വേര്‍തിരിച്ചു

Update: 2023-01-13 06:48 GMT

റിയാദ്: ഇറാഖില്‍ നിന്നുള്ള സയാമീസ് ഇരട്ടകളായ അലിയേയും ഒമറിനേയും വേര്‍തിരിക്കുന്ന ശസ്ത്രക്രിയ സങ്കീര്‍ണതകളില്ലാതെ സൗദിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഡോ. അല്‍ റബീഹയുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ആറുഘട്ടങ്ങളിലായി നടന്ന ശസ്ത്രക്രിയ 11 മണിക്കൂര്‍ നീണ്ടു. സൗദിയിലെ കണ്‍സള്‍ട്ടന്റുകള്‍, സ്‌പെഷ്യലിസ്റ്റുകള്‍, നഴ്‌സിങ്, ടെക്‌നിക്കല്‍ സ്റ്റാഫ് എന്നിവരടങ്ങുന്ന 27 അംഗ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

നെഞ്ചും അടിവയറും ഒട്ടിപ്പിടിക്കുകയും കരള്‍, പിത്തരസം, കുടല്‍ എന്നിവ പങ്കിടുകയും ചെയ്ത ഇരട്ടകളെ വേര്‍പ്പെടുത്താന്‍ ടീമിന് കഴിഞ്ഞു. ഇറാഖില്‍ നിന്നുള്ള സയാമീസ് ഇരട്ടകളെ വേര്‍പെടുത്തുന്ന അഞ്ചാമത്തെ ശസ്ത്രക്രിയയാണിത്. കഴിഞ്ഞ വര്‍ഷം സപ്തംബറിലാണ് ഇറാക്കി സയാമീസുകളെ മാതാപിതാക്കളോടൊപ്പം റിയാദിലെത്തിച്ചത്. കുട്ടികളുടെ ആരോഗ്യസ്ഥിതികളും ശസ്ത്രക്രിയ സാധ്യതകളും പഠിച്ച ശേഷമാണ് വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ നടത്തിയത്. 1990 മുതലാണ് സയാമീസുകളെ വേര്‍പ്പെടുത്തുന്നതിനുള്ള സൗദി പദ്ധതി ആരംഭിച്ചത്. ഇതുവരെ 23 രാജ്യങ്ങളില്‍ നിന്നുള്ള 127 സയാമീസ് ഇരട്ടകള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ സൗദിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് മെഡിക്കല്‍ ടീമിന്റെ തലവനായ ഡോ. അല്‍ റബീഹ പറഞ്ഞു.

Tags: