ഹോര്‍മുസിന് പിന്നാലെ ബാബ് അല്‍-മന്ദേബ് കടലിടുക്കും ഇറാന്റെ പരിഗണനയില്‍; ഭീഷണി ഉയര്‍ത്തി ഇറാന്‍ പാര്‍ലമെന്ററി സ്പീക്കര്‍

Update: 2026-04-04 04:41 GMT

ഹോര്‍മുസ് കടലിടുക്ക് നിയന്ത്രണം വിജയകരമായ സാഹചര്യത്തില്‍ മേഖലയിലെ ബാബ് അല്‍-മന്ദേബ് കടലിടുക്കും തങ്ങളുടെ പരിഗണനയിലാണെന്ന സൂചന നല്‍കി ഇറാന്‍ പാര്‍ലമെന്ററി സ്പീക്കര്‍. 'ആഗോള എണ്ണ, എല്‍എന്‍ജി, ഗോതമ്പ്, അരി, വളം എന്നിവയുടെ എത്ര വിഹിതമാണ് ബാബ്-എല്‍-മന്ദേബ് കടലിടുക്കിലൂടെ കടത്തിവിടുന്നത്?' ജലപാതയിലെ വാണിജ്യ ഷിപ്പിംഗിന് വ്യക്തമായ മുന്നറിയിപ്പായി ഇറാന്‍ സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് എക്സിലെ ഒരു പോസ്റ്റില്‍ ചോദിച്ചു.

'ഏതൊക്കെ രാജ്യങ്ങളും കമ്പനികളുമാണ് കടലിടുക്കിലൂടെ ഏറ്റവും കൂടുതല്‍ ഗതാഗതം നടത്തുന്നത്?' അദ്ദേഹം ചോദിച്ചു. ഹോര്‍മുസ് കടലിടുക്കിന്റെ അത്ര ആഗോള വ്യാപാരത്തിന് നിര്‍ണായകമല്ലെങ്കിലും ഈ സാഹചര്യത്തില്‍ ബാബ് അല്‍-മന്ദേബ് കടലിടുക്ക് വിവിധ രാജ്യങ്ങള്‍ക്ക് ആശ്വാസമാണ്.

ബാബ് അല്‍-മന്ദേബ് കടലിടുക്ക് സമുദ്ര ഗതാഗതത്തിനുള്ള ഒരു പ്രധാന വഴിയായാണ് എണ്ണ വ്യാപാരികള്‍ ഉള്‍പ്പെടെ കണക്കാക്കുന്നത്. യെമന്റെ അതിര്‍ത്തിയിലുള്ള ഈ കടലിടുക്ക്, ആഗോള എണ്ണ വിതരണത്തിന്റെ ഏകദേശം 5 ശതമാനം ഉള്‍പ്പെടെ വ്യാപാര കയറ്റുമതിയുടെ 14 ശതമാനം കൈകാര്യം ചെയ്യുന്നു. യെമനിലെ വലിയൊരു ഭാഗം നിയന്ത്രിക്കുന്ന ഹൂത്തികള്‍ ഇറാനെ പിന്തുണച്ച് യുദ്ധത്തില്‍ പ്രവേശിച്ചതുമുതല്‍ കടലിടുക്കിനെ കുറിച്ചുള്ള ഇറാന്‍ സ്പീക്കറുടെ പോസ്റ്റ് പുതിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ആഗോള സാമ്പത്തിക വ്യവസ്ഥ തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ബാബ് അല്‍-മന്ദേബ് കൂടി ഇറാന്റെ നിയന്ത്രണത്തിലായാല്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും.

Tags: