ഇറാഖിലെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാന്‍ സൈന്യം ഏറ്റെടുത്തു

രാജ്യത്തെ ഇസ്രായേല്‍ 'തന്ത്രപ്രധാന കേന്ദ്രം' ലക്ഷ്യമിട്ടതായി ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ സൈന്യം അറിയിച്ചു.

Update: 2022-03-13 15:14 GMT

തെഹ്‌റാന്‍: വടക്കന്‍ ഇറാഖിലെ കുര്‍ദിഷ് പ്രാദേശിക തലസ്ഥാനമായ എര്‍ബിലില്‍ ഉണ്ടായ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് (IRGC) ഏറ്റെടുത്തതായി ഇറാന്റെ സ്‌റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തെ ഇസ്രായേല്‍ 'തന്ത്രപ്രധാന കേന്ദ്രം' ലക്ഷ്യമിട്ടതായി ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. 'ഇസ്രായേല്‍ ആക്രമണം ആവര്‍ത്തിച്ചാല്‍ കഠിനവും നിര്‍ണായകവും വിനാശകരവുമായ പ്രതികരണം നേരിടേണ്ടിവരും'- സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. തെഹ്‌റാന്റെ അടുത്ത സഖ്യകക്ഷിയായ സിറിയയില്‍ ഈ ആഴ്ച ആദ്യം റവല്യൂഷണറി ഗാര്‍ഡ്‌സിലെ രണ്ട് ഇറാനിയന്‍ അംഗങ്ങളെ ഇസ്രായേല്‍ വധിച്ചിരുന്നു.

രാജ്യത്ത് നിന്നു പുറത്തുനിന്ന് വിക്ഷേപിച്ച ഒരു ഡസന്‍ ബാലിസ്റ്റിക് മിസൈലുകള്‍ മേഖലയില്‍ പതിച്ചതായി നേരത്തേ കുര്‍ദിഷ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. യുഎസ് കോണ്‍സുലേറ്റിന് നേരെ 'ഭീകരാക്രമണം' നടന്നതായി എര്‍ബില്‍ ഗവര്‍ണര്‍ ഉമയദ് ഖോഷ്‌നാവ് പ്രാദേശിക ചാനലായ റുഡോയോട് പറഞ്ഞു.

കുര്‍ദിഷ് ആഭ്യന്തര മന്ത്രാലയം പറയുന്നതനുസരിച്ച്, മിസൈലുകള്‍ പുതിയ കോണ്‍സുലേറ്റ് കെട്ടിടത്തിന് കേടുപാടുകള്‍ വരുത്തുകയും ഒരു സാധാരണക്കാരന് പരിക്കേല്‍ക്കുകയും ചെയ്തു.യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഇതിനെ 'അതിശക്തമായ ആക്രമണം' എന്ന് വിശേഷിപ്പിച്ചു, എന്നാല്‍ അമേരിക്കക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും എര്‍ബിലില്‍ യുഎസ് സര്‍ക്കാര്‍ സൗകര്യങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും പറഞ്ഞു.ഇറാഖിന് പുറത്ത് നിന്ന് വിക്ഷേപിച്ച 12 മിസൈലുകള്‍ എര്‍ബിലില്‍ പതിച്ചതായി അര്‍ദ്ധ സ്വയംഭരണ കുര്‍ദിഷ് മേഖലയുടെ തീവ്രവാദ വിരുദ്ധ സേനയെ ഉദ്ധരിച്ച് ഇറാഖി സ്‌റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Similar News