അമേരിക്ക സൈനിക സമ്മര്‍ദ്ദം ശക്തമാക്കുന്നതിനിടെ, ലോക ശക്തികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ തലകുനിയില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്‍ വ്യക്തമാക്കി. 'ലോക ശക്തികള്‍ നമ്മെ കീഴങ്ങാന്‍ പ്രേരിപ്പിക്കുന്നു. എന്നാല്‍ അവര്‍ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ നാം തലകുനിയില്ല,' പെഷസ്‌കിയാന്‍ പറഞ്ഞു.
അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇറാനില്‍ ചുരുങ്ങിയ കാലയളവില്‍ 32,000 പേര്‍ കൊല്ലപ്പെട്ടതായി ആരോപിച്ചു. അത് അത്യന്തം ദുഃഖകരമായ സാഹചര്യമാണെന്നും ട്രംപ് പ്രതികരിച്ചു. ട്രംപിന്റെ പ്രസ്താവന തള്ളിയ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി ഇറാനില്‍ പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ട് 3117 പേരുടെ സമഗ്രമായ പട്ടിക്ക പുറത്ത് വിട്ടിട്ടുണ്ടെന്ന് വ്യക്തമാക്കി.
ജിനീവയില്‍ നടന്ന പരോക്ഷ ചര്‍ച്ചകള്‍ക്ക് പിന്നാലെ, അമേരിക്കയ്ക്ക് മറുപടിയായി ഒരു കരട് നിര്‍ദ്ദേശം രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ തയ്യാറാക്കാമെന്ന് അറാഖ്ചി അറിയിച്ചു. ചര്‍ച്ചകള്‍ ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, കൂടാതെ മരുമകന്‍ ജാരെഡ് കുഷ്നര്‍ എന്നിവരോടൊപ്പമായിരുന്നു.
രണ്ടു പക്ഷങ്ങളും പ്രധാന 'മാര്‍ഗനിര്‍ദ്ദേശ തത്വങ്ങള്‍' സംബന്ധിച്ച് ധാരണയിലെത്തിയതായി അദ്ദേഹം സൂചിപ്പിച്ചെങ്കിലും അന്തിമ കരാര്‍ അടുത്തിരിക്കുകയാണെന്നു പറയാന്‍ കഴിയില്ലെന്നും വ്യക്തമാക്കി.
ഇറാനുമായി ദീര്‍ഘകാലമായി നീളുന്ന ആണവ തര്‍ക്കം പരിഹരിക്കാന്‍ 10 മുതല്‍ 15 ദിവസത്തിനുള്ളില്‍ കരാറിലെത്തണമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. അല്ലാത്തപക്ഷം 'ഗുരുതരമായ കാര്യങ്ങള്‍' സംഭവിക്കാമെന്നും പറഞ്ഞു. മിഡില്‍ ഈസ്റ്റില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്.
വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി, പരിമിത സൈനികാക്രമണം പരിഗണിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് 'അതെ, പരിഗണിക്കുകയാണ്' എന്നാണ് ട്രംപ് മറുപടി നല്‍കിയത്. 'ന്യായമായ ഒരു കരാറില്‍ അവര്‍ ചര്‍ച്ച ചെയ്യേണ്ടതാണ്,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇറാനെതിരെ സൈനിക പദ്ധതികള്‍ പുരോഗമിച്ച ഘട്ടത്തിലാണ്. പ്രത്യേക വ്യക്തികളെ ലക്ഷ്യമിടുന്നതടക്കമുള്ള വിവിധ ഓപ്ഷനുകള്‍ പരിഗണനയില്‍ ഉള്ളതായി യുഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
