ഹോര്‍മുസ് കടലിടുക്ക് വഴി 20 പാകിസ്താന്‍ കപ്പലുകള്‍ക്ക് ഇറാന്‍ അനുമതി; ഒരു ദിവസം രണ്ട് കപ്പലുകള്‍

Update: 2026-03-29 04:49 GMT

തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ പാകിസ്താന്‍ പതാകയേന്തിയ 20 കപ്പലുകള്‍ക്ക് അനുമതി നല്‍കാന്‍ ഇറാന്‍ സമ്മതിച്ചു. ഇറാനെതിരേ യുഎസ്-ഇസ്രായേല്‍ സംയുക്ത സൈന്യം ആക്രമിച്ചതിന് ശേഷം ഏറെക്കുറെ സ്തംഭിച്ചുകിടക്കുന്ന ജലപാതയില്‍ വീണ്ടും കപ്പല്‍ ഗതാഗതം സജീവമാകുന്നതിന്റെ സൂചനയാണിത്. ഇന്ത്യയുടെ കപ്പലുകള്‍ക്കും നേരത്തെ അനുമതി ലഭിച്ചിരുന്നു.

ഓരോ ദിവസവും രണ്ട് കപ്പലുകള്‍ക്ക് തന്ത്രപ്രധാനമായ കടലിടുക്ക് കടക്കാന്‍ അനുവാദം ലഭിച്ചിട്ടുണ്ടെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഇസ് ഹാഖ് ദര്‍ തലെ എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ വ്യക്തമാക്കി.

'ഇറാന്‍ നടത്തിയ സ്വാഗതാര്‍ഹവും ക്രിയാത്മകവുമായ നടപടിയാണിത്, അഭിനന്ദനം അര്‍ഹിക്കുന്നു, ഇത് സമാധാനത്തിന്റെ ഒരു സൂചനയാണ്, മേഖലയില്‍ സ്ഥിരത കൈവരിക്കാന്‍ ഇത് സഹായിക്കും'. ഞായറാഴ്ച പുലര്‍ച്ചെ ദാര്‍ പറഞ്ഞു. വാഷിംഗ്ടണിനും തെഹ്റാനും ഇടയിലുള്ള ഒരു പ്രധാന മധ്യസ്ഥനായി പാകിസ്താന്‍ ചര്‍ച്ചകള്‍ സജീവമാക്കുന്നതിനിടേയാണ് ഈ നീക്കം.



ഇസ്‌ലാമാബാദ് ഇരുപക്ഷവും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നുണ്ടെന്ന് യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് സ്ഥിരീകരിച്ചു. വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരുള്‍പ്പെടെ മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥരെയും ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയെയും ഇസ് ഹാഖ് ദര്‍ പോസ്റ്റ് നേരിട്ട് ടാഗ് ചെയ്തു. ഇത് കരാറിന്റെ നയതന്ത്ര പ്രാധാന്യത്തിന് അടിവരയിടുന്നു.

ആഗോള എണ്ണ കയറ്റുമതിയുടെ നിര്‍ണായക ധമനിയായ ഹോര്‍മുസ് കടലിടുക്ക് ഫെബ്രുവരി 28 മുതല്‍ ഫലപ്രദമായി അടച്ചിട്ടിരിക്കുകയാണ്. യുഎസും ഇസ്രായേലും ഇറാനെ ആക്രമിച്ചതോടെയാണ് വിശാലമായ യുദ്ധത്തിന് തുടക്കമിട്ടത്. ഇറാന്റെ പരമോന്നത നേതാവ് അലി ഖാംനഈയെ വധിച്ചതോടെ ഇറാന്‍ സര്‍വ സന്നാഹങ്ങളും പുറത്തെടുത്ത് തിരിച്ചടിച്ചു. ഇസ്രായേലിനും യുഎസ് ക്യാംപുകള്‍ക്കും നേരെ മിസൈല്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നു. നൂറുകണക്കിന് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ കൊന്ന് തള്ളിക്കൊണ്ടാണ് ഇസ്രായേല്‍-യുഎസ് സൈന്യം യുദ്ധത്തിന് തുടക്കം കുറിച്ചത്. ഇതുവരെ ഇറാനില്‍ ഏകദേശം 2,000 പേരും ലെബനനില്‍ 1,100-ലധികം ആളുകളും കൊല്ലപ്പെട്ടു.

ഷിപ്പിംഗ് ഗതാഗതം കുത്തനെ കുറഞ്ഞു, സമുദ്ര ഗതാഗതം ഏകദേശം 90% കുറഞ്ഞു. സംഘര്‍ഷം ആരംഭിച്ചതിനുശേഷം ഏകദേശം 150 കപ്പലുകള്‍ മാത്രമേ കടലിടുക്കിലൂടെ കടന്നുപോയിട്ടുള്ളൂ. ഏകദേശം 2,000 കപ്പലുകള്‍ ഇരുവശത്തും കുടുങ്ങിക്കിടക്കുന്നതിനാല്‍ ആഗോള എണ്ണവില ബാരലിന് 100 ഡോളറിനു മുകളില്‍ ഉയരുന്നു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) ജലപാതയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കപ്പലകളുടെ പൂര്‍ണമായ വിവരങ്ങള്‍ ഐആര്‍ജിസിക്ക് കൈമാറണം. കടന്നു പോകുന്ന കപ്പലുകള്‍ ചരക്ക് മാനിഫെസ്റ്റുകള്‍, ക്രൂ വിശദാംശങ്ങള്‍, ലക്ഷ്യസ്ഥാന വിവരങ്ങള്‍ എന്നിവ സമര്‍പ്പിച്ച് ക്ലിയറന്‍സ് കോഡുകള്‍ നേടണം. ഇറാനിയന്‍ ജലപാതയിലൂടെ അകമ്പടിയോടെ നീങ്ങണം.

ചില കപ്പലുകള്‍ ഓരോ ക്രോസിംഗിനും 2 മില്യണ്‍ ഡോളര്‍ വരെ നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഇടപാടുകള്‍ ചൈനീസ് യുവാനില്‍ തീര്‍പ്പാക്കിയതായി പറയപ്പെടുന്നു. വരുമാന മാര്‍ഗമായി അത്തരം ടോള്‍ സംവിധാനങ്ങള്‍ ഔപചാരികമാക്കാന്‍ ഇറാനിയന്‍ നിയമനിര്‍മ്മാതാക്കള്‍ ഇപ്പോള്‍ ആലോചിക്കുന്നു.

Tags: