ഇസ്രായേല്‍-യുഎസ് ബാങ്കുകളും സാമ്പത്തിക കേന്ദ്രങ്ങളും ആക്രമണ ലക്ഷ്യമെന്ന് ഇറാന്‍

Update: 2026-03-11 09:36 GMT

തെഹ്‌റാന്‍: യുഎസ്-ഇസ്രായേല്‍ ബാങ്കുകളും സാമ്പത്തിക കേന്ദ്രങ്ങളും തങ്ങളുടെ ആക്രമണ ലക്ഷ്യമായിരിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇറാനിയന്‍ ബാങ്കിനെതിരേ ഇസ്രായേല്‍-യുഎസ് സംയുക്ത സേന ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടി നല്‍കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.

പശ്ചിമേഷ്യയിലെ അമേരിക്കന്‍-സയണിസ്റ്റ് ബാങ്കുകള്‍ ആക്രമിക്കുമെന്നാണ് മുന്നറിയിപ്പ്. സാധാരണക്കാര്‍ ബാങ്കുകള്‍ക്ക് ഒരു കിലോമീറ്റര്‍ പരിധിയില്‍ പ്രവേശിക്കരുതെന്നും ഐആര്‍ജിസി അറിയിച്ചു.

കണ്ണിന് കണ്ണ് എന്ന യുദ്ധ അടവിന്റെ ഭാഗമാണ് ഇറാന്റെ പ്രഖ്യാപനം. 'അമേരിക്കയുടെയും മേഖലയിലെ സയണിസ്റ്റ് ഭരണകൂടത്തിന്റെയും സാമ്പത്തിക കേന്ദ്രങ്ങളെയും ബാങ്കുകളെയും ലക്ഷ്യമിടുന്നതിന് ശത്രു നമ്മുടെ കൈകള്‍ തുറന്നിട്ടു. മേഖലയിലെ ജനങ്ങള്‍ ബാങ്കുകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഉണ്ടാകരുത്' എന്ന് അത് മുന്നറിയിപ്പ് നല്‍കി.

നേരത്തെ ഐടി കമ്പനികള്‍ക്ക് എതിരേയും ഇറാന്‍ ആക്രമണ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഗൂഗിളും മേഖലയിലെ ഇസ്രായേല്‍-യുഎസ് ഉടമസ്ഥതയിലുള്ള ഐടി കമ്പനികളും തങ്ങളുടെ ആക്രമണ ലക്ഷ്യമായിരിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. ഇസ്രായേലി വേരുകളുള്ള മുന്‍നിര യുഎസ് ഐടി കമ്പനികളുടെ ഒരു പട്ടിക തന്നെ റവല്യൂഷണറി ഗാര്‍ഡ് പുറത്തിറക്കി. ഇറാന്റെ പുതിയ ലക്ഷ്യങ്ങള്‍ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് ലിസ്റ്റ് പുറത്ത് വിട്ടതെന്ന് തസ്‌നിം വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

'പ്രാദേശിക യുദ്ധത്തിന്റെ വ്യാപ്തി അടിസ്ഥാന സൗകര്യ യുദ്ധത്തിലേക്ക് വികസിക്കുമ്പോള്‍, ഇറാന്റെ നിയമാനുസൃത ലക്ഷ്യങ്ങളുടെ വ്യാപ്തിയും വികസിക്കുന്നു,' ഐആര്‍ജിസി അറിയിച്ചു.

ഗൂഗിള്‍, മൈക്രോസോഫ്റ്റ്, പലന്തിര്‍, ഐബിഎം, എന്‍വിഡിയ, ഒറാക്കിള്‍ എന്നീ പ്രമുഖ കമ്പനികള്‍ ഇറാന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. കൂടാതെ ഇസ്രായേലി നഗരങ്ങളിലും ചില ഗള്‍ഫ് രാജ്യങ്ങളിലും സ്ഥിതിചെയ്യുന്ന ക്ലൗഡ് അധിഷ്ഠിത സേവനങ്ങള്‍ക്കായുള്ള ഓഫീസുകളും അടിസ്ഥാന സൗകര്യങ്ങളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇറാന്റെ ഓയില്‍ റിഫൈനറികള്‍ ഉള്‍പ്പടെ അടിസ്ഥാന സൗകര്യങ്ങള്‍ ഇസ്രായേല്‍ ലക്ഷ്യമിട്ടതിന് തിരിച്ചടിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഐടി കമ്പനികള്‍ക്കെതിരായ ഭീഷണി.

Tags: