ഗള്‍ഫ് രാജ്യങ്ങളുമായി രമ്യതയിലെത്താന്‍ നിര്‍ണായക നീക്കവുമായി ഇറാന്‍

Update: 2026-03-04 17:40 GMT

ഇസ്രായേല്‍-യുഎസ് സംയുക്ത ആക്രമണത്തിന് ശേഷം സംഘര്‍ഷത്തിലായ ഗള്‍ഫ് രാജ്യങ്ങളുമായി രമ്യതയിലെത്താന്‍ നിര്‍ണായക നീക്കവുമായി ഇറാന്‍. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുമായി ഫോണില്‍ സംസാരിച്ചതിന് തൊട്ടു പിന്നാലെ ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധത്തെ ഓര്‍മിപ്പിച്ചുകൊണ്ട് ഇറാന്‍ പ്രസിഡന്റ് മസൂദ് ഫെഷേസ്‌കിയാന്‍ എക്‌സില്‍ പ്രസ്താവന പങ്കുവച്ചു. 'നിങ്ങളുടെ പരമാധികാരത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു,' എക്സില്‍ അറബിയിലും പേര്‍ഷ്യനിലും രണ്ട് വ്യത്യസ്ത പോസ്റ്റുകളില്‍ പ്രസിഡന്റ് പറഞ്ഞു. യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെയുള്ള ആക്രമണല്ലാതെ തങ്ങള്‍ക്ക് മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

നയതന്ത്രത്തിലൂടെ യുദ്ധം ഒഴിവാക്കാന്‍ ഇറാന്‍ ശ്രമിച്ചെങ്കിലും യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിക്കുകയല്ലാതെ 'മറ്റ് മാര്‍ഗമില്ലെന്ന്' ഇറാന്റെ അയല്‍ രാജ്യങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാന്‍ പറഞ്ഞു. മേഖലയിലെ സുരക്ഷ കൂട്ടായ ശ്രമത്തിലൂടെ നേടിയെടുക്കണമെന്ന് ഇറാന്‍ വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാന്‍ പ്രസിഡന്റിന്റെ പോസ്റ്റിന് മുമ്പ് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനിയുമായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ഫോണില്‍ സംസാരിച്ചിരുന്നു. സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടല്ല ആക്രമണങ്ങളെന്നും യുഎസ് സൈനിക താവളങ്ങളാണ് ആക്രമിച്ചതെന്നും അരഗ്ചി അവകാശപ്പെട്ടതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, ഇറാന്റെ ഈ അവകാശവാദം തള്ളിയ ഖത്തര്‍ ശക്തമായ പ്രതിഷേധം അറിയിച്ചു.

ഇറാന്‍ സൈന്യം സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയല്ല, ഗള്‍ഫ് രാജ്യത്തിലെ യുഎസ് ആസ്തികളെയാണ് ലക്ഷ്യമിട്ടതെന്ന ഇറാന്റെ വാദത്തെ ഷെയ്ഖ് മുഹമ്മദ് ശക്തമായി തള്ളിക്കളഞ്ഞതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

'ഖത്തര്‍ സംസ്ഥാനത്തിനുള്ളിലെ സിവിലിയന്‍, റെസിഡന്‍ഷ്യല്‍ ഏരിയകളിലാണ് ആക്രമണങ്ങള്‍ നടന്നതെന്ന് വസ്തുതകള്‍ വ്യക്തമായി കാണിക്കുന്നു, അതില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും, സുപ്രധാന അടിസ്ഥാന സൗകര്യങ്ങളും, ദ്രവീകൃത പ്രകൃതിവാതക ഉല്‍പാദന സൗകര്യങ്ങള്‍ സ്ഥിതി ചെയ്യുന്ന വ്യാവസായിക മേഖലകളും ഉള്‍പ്പെടുന്നു' എന്ന് ഖത്തര്‍ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഈ പ്രവൃത്തികള്‍ 'ഖത്തറിന്റെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമ തത്വങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഖത്തര്‍ ഉള്‍പ്പടെ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന്റെ നടപടിയില്‍ ശക്തമായ പ്രതിഷേധം തുടരുന്നതിനിടേയാണ് രമ്യതയിലെത്താനുള്ള ഇറാന്റെ ശ്രമം. ഇറാന്‍ മുന്‍കൈയ്യെടുത്ത് നടത്തുന്ന ശ്രമങ്ങള്‍ ഗള്‍ഫ് മേഖലയില്‍ സമാധാനം കൊണ്ട് വരുമെന്ന പ്രതീക്ഷയിലാണ് ലോകം.

Tags: