ഇറാനിയന്‍ എണ്ണടാങ്കര്‍ ബ്രിട്ടന്‍ പിടിച്ചെടുത്തു; ബ്രിട്ടീഷ് അംബാസിഡറെ വിളിച്ചു വരുത്തി ഇറാന്‍

സിറിയയിലേക്ക് എണ്ണയുമായി പുറപ്പെട്ട ഇറാന്റ ഭീമന്‍ കപ്പലായ (സൂപ്പര്‍ ടാങ്കര്‍) ദ ഗ്രേസ് 1 ആണ് തങ്ങളുടെ അധീനതയിലുള്ള ജിബ്രാള്‍ട്ടറില്‍ ബ്രിട്ടന്‍ തടഞ്ഞിട്ടത്. ബ്രിട്ടീഷ് നടപടി 'തീര്‍ത്തും നിയമ വിരുദ്ധമാണെന്ന്' ചൂണ്ടിക്കാട്ടി തെഹ്‌റാനിലെ ഇറാന്‍ അംബാസിഡറെ വിളിച്ചുവരുത്തി ഇറാന്‍ പ്രതിഷേധമറിയിച്ചു.

Update: 2019-07-05 09:39 GMT

തെഹ്‌റാന്‍/ലണ്ടന്‍: ഇറാന്‍- യുഎസ് അസ്വാരസ്യങ്ങളുമായി ബന്ധപ്പെട്ട് യുദ്ധഭീതി നിലനില്‍ക്കുന്ന പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി ബ്രിട്ടന്‍ ഇറാന്റെ എണ്ണ ടാങ്കര്‍ പിടിച്ചെടുത്തു. സിറിയയിലേക്ക് എണ്ണയുമായി പുറപ്പെട്ട ഇറാന്റ ഭീമന്‍ കപ്പലായ (സൂപ്പര്‍ ടാങ്കര്‍) ദ ഗ്രേസ് 1 ആണ് തങ്ങളുടെ അധീനതയിലുള്ള ജിബ്രാള്‍ട്ടറില്‍ ബ്രിട്ടന്‍ തടഞ്ഞിട്ടത്. ബ്രിട്ടീഷ് നടപടി 'തീര്‍ത്തും നിയമ വിരുദ്ധമാണെന്ന്' ചൂണ്ടിക്കാട്ടി തെഹ്‌റാനിലെ ഇറാന്‍ അംബാസിഡറെ വിളിച്ചുവരുത്തി ഇറാന്‍ പ്രതിഷേധമറിയിച്ചു.

ജിബ്രാള്‍ട്ടേറിയന്‍ പോലിസും 30 പേരടങ്ങുന്ന ബ്രിട്ടീഷ് സൈനികരുമാണ് 20 ലക്ഷം ബാരല്‍ ഇന്ധനവുമായി പോയ എണ്ണക്കപ്പല്‍ പിടിച്ചിട്ടത്. യൂറോപ്യന്‍ യൂനിയന്‍ സിറിയക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനുശേഷം ആദ്യമായാണ് ഇത്തരത്തിലുള്ള നടപടി. സിറിയയിലേക്ക് എണ്ണ കടത്തുകയായിരുന്നു കപ്പല്‍ എന്നാണ് ആരോപണം. ഇത് ഇറാനില്‍ നിന്നാണെന്നും പറയുന്നു. യൂറോപ്യന്‍ യൂണിയന്‌റെ വിലക്ക് മറികടന്നാണ് ഈ എണ്ണക്കടത്ത് എന്നതിനാലാണ് കപ്പല്‍ തടഞ്ഞുവച്ചത് എന്നാണ് വിശദീകരണം.ഈ പ്രദേശം സര്‍ക്കാര്‍ അധീനതയിലായതിനാലാണ് കപ്പല്‍ തടഞ്ഞതെന്നാണ് ബ്രിട്ടന്റെ വാദം.എന്നാല്‍ യുഎസ് നിര്‍ദേശ പ്രകാരമാണ് ബ്രിട്ടന്‍ കപ്പല്‍ പിടിച്ചിട്ടതെന്ന് സ്‌പെയിനിന്റെ ആക്ടിങ് വിദേശകാര്യ മന്ത്രി ജോസെപ് ബോറെല്‍ പറഞ്ഞു.ജിബ്രാള്‍ട്ടറില്‍ ബ്രിട്ടനുള്ള അവകാശം സ്‌പെയിന്‍ അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ സ്‌പെയിന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കും വലിയ രാഷ്ട്രീയ മാനമുണ്ട്.

വൈല്‍ഡ്കാറ്റ് ഹെലികോപ്റ്ററില്‍ നിന്നും 42 കമാന്‍ഡോകള്‍ കപ്പലിന്റെ ഡെക്കില്‍ ഇറങ്ങുകയും, കുറച്ചു പേര്‍ സ്പീഡ് ബോട്ടില്‍ കപ്പലിനെ പിന്തുടര്‍ന്നുമാണ് ഗ്രേസ് 1നെ തടഞ്ഞുനിര്‍ത്തിയത്. ജിബ്രാള്‍ട്ടേറിയന്‍ കടലിലൂടെ കിഴക്കോട്ട് പോകുന്ന കപ്പലിനെ ഹെലികോപ്റ്റര്‍ പിന്തുടരുന്നതിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ദൃശ്യങ്ങള്‍ പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ടിരുന്നു. കപ്പലിന്റെ ഉടമാവകാശം ആര്‍ക്കാണെന്നതിനെപ്പറ്റി വ്യക്തമായ സൂചനയില്ല. എന്നാല്‍ ഇറാനിയന്‍ വിദേശകാര്യ മന്ത്രാലയം അതിന്റെ ഉടമസ്ഥാവകാശം സ്ഥിരീകരിച്ചിട്ടുണ്ട്.

ഗള്‍ഫ് കടലില്‍ എണ്ണക്കപ്പലുകള്‍ക്കെതിരായ ആക്രമണത്തോടെയാണ് ഇറാന്‍-അമേരിക്ക ബന്ധം വഷളായത്. അമേരിക്കയുടെ ആളില്ലാ വിമാനം ഇറാന്‍ വെടിവെച്ചിട്ടതോടെ യുദ്ധം ആസന്നമായ പ്രതീതി സൃഷ്ടിച്ചു. ഇതിനോടുള്ള പ്രതികരണമായി ഉപരോധങ്ങള്‍ അമേരിക്ക കൂടുതല്‍ ശക്തമാക്കി. അതോടെ ഇറാന്‍ യുറേനിയത്തിന്റെ സംപുഷ്ടീകരണം വര്‍ധിപ്പിച്ചാണ് തിരിച്ചടിച്ചത്.

Tags: