നിയമവിരുദ്ധ സംഗീതവും മിക്‌സഡ് ഡാന്‍സ് പാര്‍ട്ടികളും; ഇറാനില്‍ 547 റസ്റ്റോറന്റുകള്‍ അടച്ചുപൂട്ടി

കഴിഞ്ഞ 10 ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് സ്ഥാപനങ്ങളിലെ നിയമവിരുദ്ധ പ്രവര്‍ത്തനം കണ്ടെത്തിയത്

Update: 2019-06-09 15:55 GMT

ടെഹ്‌റാന്‍: ഇസ്‌ലാമിക തത്വങ്ങള്‍ക്കു വിരുദ്ധമായ സംഗീതം നിയമവിരുദ്ധമായി ഉപയോഗിച്ചെന്നാരോപിച്ച് ഇറാനില്‍ 547 റസ്റ്റോറന്റുകളും കഫേകളും പോലിസ് അടച്ചുപൂട്ടി. ഇസ് ലാമിക തത്വങ്ങള്‍ക്കു ചേരാത്ത സംഗീതം ഉപയോഗിച്ചതിനാണ് ഇത്രയും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും നിയമലംഘകരായ 11 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതെന്ന് പോലിസിന്റെ വെബ്‌സൈറ്റിനെ ഉദ്ദരിച്ച് പോലിസ് മേധാവി ഹുസയ്ന്‍ റഹീമി പറഞ്ഞു. കഴിഞ്ഞ 10 ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് സ്ഥാപനങ്ങളിലെ നിയമവിരുദ്ധ പ്രവര്‍ത്തനം കണ്ടെത്തിയത്. സൈബര്‍ മേഖലയിലൂടെയുള്ള പാരമ്പര്യേതര പരസ്യം, നിയമവിരുദ്ധ സംഗീതാസ്വാദനം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് നടപടി. ഇസ് ലാമിക തത്വങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുക എന്നത് പോലിസിന്റെ ദൗത്യവും ഉത്തരവാദിത്തവുമാണെന്നും പോലിസ് മേധാവി പറഞ്ഞു. സാംസ്‌കാരിക കുറ്റകൃത്യവും സാമൂഹിക-ധാര്‍മിക അഴിമതിയും സംബന്ധിച്ച വിഷയം കൈകാര്യം ചെയ്യുന്ന ടെഹ്‌റാനിലെ മാര്‍ഗ നിര്‍ദേശ സമിതിയാണ് ഇത്തരം 'അധാര്‍മിക പ്രവൃത്തികള്‍' കണ്ടെത്തി നടപടിയെടുക്കുന്നത്. ഇറാന്‍ പൗരന്‍മാര്‍ കാറില്‍ ഹിജാബ് അഴിച്ചുമാറ്റുകയും സ്ത്രീ-പുരുഷന്‍മാര്‍ കൂടിക്കലര്‍ന്നുള്ള ഡാന്‍സ് പാര്‍ട്ടികള്‍ നടത്തുകയും ഇന്‍സ്റ്റഗ്രാമിലൂടെ അശ്ലീലച്ചുവയുള്ള പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതിനാലാണ് പരിശോധന നടത്തിയത്. ഇറാനിലെ ഇസ് ലാമിക നിയമം അനുസരിച്ച് സ്ത്രീകള്‍ പൊതുസ്ഥലത്ത് അവരുടെ മുഖവും കൈകകാലുകളും ഒഴിച്ചുള്ള ശരീരഭാഗങ്ങള്‍ മറയ്ക്കണം. ഇത് ലംഘിച്ചതിനു കഴിഞ്ഞ വര്‍ഷം 29ഓളം പേരെ അറസ്റ്റ് ചെയ്തതിനെ മാധ്യമങ്ങളും ആക്റ്റിവിസ്റ്റുകളും എതിര്‍ത്തിരുന്നു. പൊതുജനങ്ങളുടെ സുരക്ഷയെ ശല്യം ചെയ്യുന്നുവെന്നു പറഞ്ഞാണ് ടെഹ്‌റാന്‍ പോലിസ് അറസ്റ്റ് ചെയ്തതെന്ന് തസ്‌നിം വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ആയത്തുല്ല ഖുമൈനിയുടെ നേതൃത്വത്തില്‍ 1979ല്‍ ഇസ്‌ലാമിക വിപ്ലവം വന്ന ശേഷം ഹിജാബോ ശിരോവസ്ത്രമോ ധരിക്കണമെന്ന് നിയമമാണ്.

Tags:    

Similar News