17 സിഐഎ ചാരന്‍മാരെ അറസ്റ്റ് ചെയ്തതായി ഇറാന്‍, ചിലരെ വധശിക്ഷയ്ക്ക് വിധിച്ചതായി റിപോര്‍ട്ട്

സിഐഎ ചാരശ്രൃംഖലയെ സുരക്ഷാ ഏജന്‍സികള്‍ വിജയകരമായി തകര്‍ത്തതായി ഇറാനിയന്‍ രഹസ്യാന്വേഷണ മന്ത്രാലയത്തിലെ കൗണ്ടര്‍ ഇന്റലിജന്‍സ് മേധാവി തെഹ്‌റാനില്‍ വെളിപ്പെടുത്തി.

Update: 2019-07-22 12:27 GMT

തെഹ്‌റാന്‍: യുഎസ് ചാരസംഘടനയായ സിഐഎയ്ക്കു വേണ്ടി വിവരങ്ങള്‍ ചോര്‍ത്തിയ 17 പേരെ പിടികൂടിയതായും അതില്‍ ചിലരെ വധശിക്ഷയ്ക്ക് വിധിച്ചതായും ഇറാനിയന്‍ ഉന്നത ഉദ്യോഗസ്ഥന്‍.സിഐഎ ചാരശ്രൃംഖലയെ സുരക്ഷാ ഏജന്‍സികള്‍ വിജയകരമായി തകര്‍ത്തതായി ഇറാനിയന്‍ രഹസ്യാന്വേഷണ മന്ത്രാലയത്തിലെ കൗണ്ടര്‍ ഇന്റലിജന്‍സ് മേധാവി തെഹ്‌റാനില്‍ വെളിപ്പെടുത്തി. രാജ്യത്തെ മനപ്പൂര്‍വ്വം ഒറ്റുകൊടുത്ത ഇവരെ ജീഡീഷ്വറിക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു. ഇതില്‍ ചിലരെ വധശിക്ഷയ്ക്കും ചിലരെ ദീര്‍ഘകാല തടവിനും ശിക്ഷിച്ചതായി അദ്ദേഹം പറഞ്ഞു.

സാമ്പത്തികം, ആണവം, അടിസ്ഥാന വികസനം, സൈനികം, സൈബര്‍ എന്നീ സ്വകാര്യ മേഖലകളില്‍ ജോലി ചെയ്താണ് ചാരവൃത്തി നടത്തിയതെന്നാണ് റിപോര്‍ട്ട് പറയുന്നത്. ഇതില്‍ സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയതായി കണ്ടെത്തിയെന്നും റിപോര്‍ട്ട് പറയുന്നു.കഴിഞ്ഞ ദിവസം ഇറാന്‍ പുറത്തുവിട്ട ഡോക്യുമെന്റിയില്‍ ഇറാന്‍ പൗരനെ ചാരവൃത്തിക്കായി യുഎഇയില്‍ സിഐഎ റിക്രൂട്ട് ചെയ്യുന്നതായി കാണിച്ചിരുന്നു. ഇത് വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ട കാര്യമാണെന്നും ഇറാന്റെ നിയന്ത്രണത്തിലുള്ള ടിവി സംപ്രേഷണം ചെയ്ത ഡോക്യുമെന്റിയില്‍ പറയുന്നു. അത്യാധുനിക പരിശീലനം സിദ്ധിച്ച ചാരന്‍മാര്‍ക്ക് തങ്ങളുടെ അട്ടിമറി ദൗത്യങ്ങളില്‍ വിജയിക്കാനായില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.

യുഎസിലേക്ക് പോകാന്‍ ആഗ്രഹിച്ച ചിലരെ 'വിസാ കെണിയില്‍' പെടുത്തിയാണ് സിഐഎ തങ്ങളുടെ ചാരവൃത്തിക്കായി റിക്രൂട്ട് ചെയ്തതെന്ന് ഇറാന്‍ വൃത്തങ്ങള്‍ പറഞ്ഞു.കഴിഞ്ഞ ദിവസമാണ് മലയാളികളടക്കമുള്ള ബ്രിട്ടന്റെ എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്ത്. പാശ്ചാത്യ രാജ്യങ്ങളുമായി തുടരുന്ന പ്രശ്‌നങ്ങള്‍ക്കിടയില്‍ ഇറാന്‍ ടാങ്കര്‍ ബ്രിട്ടന്‍ പിടിച്ചതിന് മറുപടിയായിട്ടാണ് ഇറാന്‍ ടാങ്കര്‍ പിടിച്ചെടുത്തത്. അമേരിക്കന്‍ ചാരന്മാരെ പിടികൂടിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നതോടുകൂടി ഇറാന്‍ അമേരിക്കന്‍ പോര് കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് വിലിയിരുത്തല്‍.

Tags:    

Similar News