ഇസ്രായേലുമായുള്ള ബന്ധം സാധാരണനിലയിലാക്കുന്നത് കുറ്റകരമാക്കി നിയമം: ഇറാഖിനെ പ്രശംസിച്ച് ഇറാന്‍

'ഇറാഖി പാര്‍ലമെന്റില്‍ സയണിസ്റ്റ് ഭരണകൂടവുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നത് വിലക്കാനുള്ള നിയമം പാസാക്കിയത് ശരിയായ നീക്കമായിരുന്നുവെന്ന് ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍കാദിമിയുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ റൈസി പറഞ്ഞതായി തസ്‌നിം വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു.

Update: 2022-05-30 14:43 GMT

തെഹ്‌റാന്‍: ബിസിനസ് ബന്ധങ്ങള്‍ ഉള്‍പ്പെടെ ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നത് വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റകരമാക്കി നിയമം പാസാക്കിയ ഇറാഖ് പാര്‍ലമെന്റിനെ പ്രശംസിച്ച് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. 'ഇറാഖി പാര്‍ലമെന്റില്‍ സയണിസ്റ്റ് ഭരണകൂടവുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നത് വിലക്കാനുള്ള നിയമം പാസാക്കിയത് ശരിയായ നീക്കമായിരുന്നുവെന്ന് ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍കാദിമിയുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ റൈസി പറഞ്ഞതായി തസ്‌നിം വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു.

'ഫലസ്തീന്‍ മുസ്‌ലിംകള്‍ക്ക് മാത്രമല്ല, ലോകത്തിലെ നീതിന്വേഷിക്കുന്ന എല്ലാ ജനങ്ങളുടെയും പ്രശ്‌നമാണ്, ഇറാഖ് സര്‍ക്കാരും പാര്‍ലമെന്റും ഫലസ്തീന്‍ ജനതയെ പിന്തുണച്ച് നിരവധി തീരുമാനങ്ങളും നടപടികളും കൈക്കൊള്ളുന്നുണ്ട്'-അല്‍കാദിമി പറഞ്ഞു

കഴിഞ്ഞ ദിവസമാണ് ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നത് കുറ്റകരമാക്കി കൊണ്ടുള്ള നിയമം ഇറാഖി പാര്‍ലമെന്റ് പാസാക്കിയത്. പ്രമുഖ ശിയാ പണ്ഡിതന്‍ മുഖ്തദ അല്‍ സദറിന്റെ

നേതൃത്വത്തിലാണ് ഇതുമായി ബന്ധപ്പെട്ട ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

അതേസമയം, നിയമം പാസാക്കിയതിന് ബാഗ്ദാദിനെ ഇസ്രായേല്‍ അപലപിച്ചു. 'ഇറാഖിനെയും ഇറാഖി ജനതയെയും ചരിത്രത്തിന്റെ തെറ്റായ വശത്ത് നിര്‍ത്തുകയും യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വിച്ഛേദിക്കുകയും ചെയ്യുന്ന നിയമമാണിത്'-വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് ലിയോര്‍ ഹയാത്ത് ട്വീറ്റ് ചെയ്തു. അതേസമയം, ഫലസ്തീന്‍ ലെബനീസ് സംഘടനകള്‍ ഇറാഖ് പാര്‍ലമെന്റിനെ പ്രശംസിച്ചു.

Tags: