നതാന്‍സ് ആണവ കേന്ദ്രത്തിലെ അഗ്‌നിബാധക്ക് പിന്നില്‍ സൈബര്‍ ആക്രമണം; തിരിച്ചടിക്കുമെന്ന് ഇറാന്‍

നതാന്‍സ് പ്ലാന്റിലുണ്ടായ അഗ്‌നിബാധക്ക് കാരണം സൈബര്‍ അട്ടിമറിയാകാമെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചിതിനു പിന്നാലെയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച രാജ്യത്തോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ സിവിലിയന്‍ പ്രതിരോധ മേധാവിയുടെ മുന്നറിയിപ്പ് നല്‍കിയത്.

Update: 2020-07-04 11:02 GMT

തെഹ്‌റാന്‍: ആണവ കേന്ദ്രങ്ങള്‍ക്കുനേരെ സൈബര്‍ ആക്രമണം നടത്തുന്ന രാജ്യങ്ങള്‍ തിരിച്ചടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍. നതാന്‍സ് പ്ലാന്റിലുണ്ടായ അഗ്‌നിബാധക്ക് കാരണം സൈബര്‍ അട്ടിമറിയാകാമെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചിതിനു പിന്നാലെയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച രാജ്യത്തോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ സിവിലിയന്‍ പ്രതിരോധ മേധാവിയുടെ മുന്നറിയിപ്പ് നല്‍കിയത്.

അതേസമയം, അഗ്നിബാധയ്ക്കു പിന്നിലെ കാരണം അന്വേഷണ സംഘം കണ്ടെത്തിയതായും എന്നാല്‍, സുരക്ഷാ കാരണങ്ങളാല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാവില്ലെന്നും ഇറാന്‍ ഉന്നത സുരക്ഷാ സമിതി വക്താവ് അറിയിച്ചു. യുഎന്‍ ആണവ നിരീക്ഷണ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി (ഐഎഇഎ) പരിശോധകരുടെ നിരീക്ഷണത്തിലുള്ള നിരവധി ഇറാനിയന്‍ ആണവ കേന്ദ്രങ്ങളിലൊന്നാണ് നതാന്‍സ് യുറേനിയം സമ്പുഷ്ടീകരണ നിലയം.

വ്യാഴാഴ്ചയാണ് മധ്യ ഇറാന്‍ പ്രവിശ്യയായ ഇസ്ഫഹാനിലെ മരുഭൂമിയില്‍ സ്ഥിതിചെയ്യുന്ന നതാന്‍സില്‍ വന്‍ അഗ്നിബാധയുണ്ടായത്. സൈബര്‍ ആക്രമണങ്ങളോടുള്ള പ്രതികരണം രാജ്യത്തിന്റെ പ്രതിരോധ നടപടികളുടെ ഭാഗമാണെന്നും രാജ്യത്തിനുനേരെ നടന്നത് ഇത്തരം ആക്രമണമാണെന്ന് തെളിഞ്ഞാല്‍ പ്രത്യാക്രമണമുണ്ടാകുമെന്നും സിവില്‍ ഡിഫന്‍സ് മേധാവി ഗുലാം റിസ ജലാലി പറഞ്ഞു. തീപിടിത്തത്തിനു പിന്നില്‍ സൈബര്‍ ആക്രമണമാണെന്ന് വിശ്വസിക്കുന്നതായി മൂന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തിരുന്നു.

Tags:    

Similar News