തെഹ്‌റാന്‍: യുദ്ധഭീതി നിലനില്‍ക്കുന്നതിനിടെ ഇറാനും അമേരിക്കയും തമ്മിലുള്ള ആണവചര്‍ച്ച നാളെ ഒമാന്‍ തലസ്ഥാനമായ മസ്‌കത്തില്‍ നടക്കും. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ഛിയാണ് പ്രഖ്യാപനം നടത്തിയത്.
ഇസ്തംബുളില്‍ നിന്ന് വേദി മാറ്റണമെന്ന ഇറാന്റെ ആവശ്യം ഒടുവില്‍ അമേരിക്ക അംഗീകരിക്കുകയായിരുന്നു. ഇതോടെയാണ് ഒമാനിലെ മസ്‌കത്തില്‍ നാളെ ഇറാന്‍-അമേരിക്ക ആണവ ചര്‍ച്ച നടക്കുന്നത്. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ഛിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഗള്‍ഫ് ഉള്‍പ്പെടെ മധ്യസ്ഥ രാജ്യങ്ങള്‍ നടത്തിയ നയതന്ത്ര നീക്കമാണ് ഭിന്നത പരിഹരിക്കാന്‍ വഴിതുറന്നത്. ഇറാന് പറയാനുള്ളത് കേള്‍ക്കണമെന്നും ചര്‍ച്ച റദ്ദാക്കരുതെന്നും ആവശ്യപ്പെട്ട് മേഖലയിലെ ഒമ്പത് അറബ്, മുസ്‌ലിം രാജ്യങ്ങള്‍ അമേരിക്കയെ സമീപിച്ചിരുന്നു. ഇവരുടെ അഭ്യര്‍ഥന മുന്‍നിര്‍ത്തിയാണ് അമേരിക്ക വഴങ്ങിയതെന്ന് യുഎസ് മാധ്യമം 'ആക്‌സിയസ്' റിപ്പോര്‍ട്ട്‌ചെയ്തു. ഗള്‍ഫ് മേഖലയില്‍ വന്‍ സൈനിക സന്നാഹങ്ങള്‍ തുടരുന്നതിനിടെയാണ് മസ്‌കത്തില്‍ ഇറാന്‍-അമേരിക്ക നിര്‍ണായക ചര്‍ച്ച നടക്കുന്നത്. പുതുതായി മറ്റൊരു ആണവകേന്ദ്രം കൂടി തുറക്കാന്‍ ഇറാന്‍ ശ്രമിക്കുന്നതായും വേണ്ടിവന്നാല്‍ ഇവിടെയും പോര്‍വിമാനങ്ങള്‍ അയച്ച് ബോംബ് വര്‍ഷിക്കുമെന്നും യുഎസ് പ്രസിഡന്റ്‌ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ബാലിസ്റ്റിക് മിസൈല്‍ പദ്ധതി ഒഴിച്ചുനിര്‍ത്തിയുള്ള ഇറാന്‍ ചര്‍ച്ച വിജയിക്കില്ലെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ.