റവല്യൂഷനി ഗാര്‍ഡ് കമാന്‍ഡറെ വധിക്കാനുള്ള ഇസ്രായേല്‍ ഗൂഢാലോചന തകര്‍ത്തെന്ന് ഇറാന്‍

സുലൈമാനിയെ വധിക്കാനുള്ള വര്‍ഷങ്ങള്‍ നീണ്ട ഗൂഢാലോചന തെഹ്‌റാന്‍ പരാജയപ്പെടുത്തിയെന്നും സംഘത്തിലെ മൂന്നു പേരെ അറസ്റ്റ് ചെയ്തെന്നും ഐആര്‍ജിസിയുടെ ഇന്റലിജന്‍സ് മേധാവി ഹുസൈന്‍ ത്വയ്യിബിനെ ഉദ്ധരിച്ച് ഇറാനിലെ തസ്‌നിം ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

Update: 2019-10-03 15:15 GMT

തെഹ്‌റാന്‍: ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ മേജര്‍ ജനറള്‍ ഖാസിം സുലൈമാനിയെ വധിക്കാനുള്ള അറബ് ഗൂഢാലോചന തകര്‍ത്തതായി ഇറാന്‍. സുലൈമാനിയെ വധിക്കാനുള്ള വര്‍ഷങ്ങള്‍ നീണ്ട ഗൂഢാലോചന തെഹ്‌റാന്‍ പരാജയപ്പെടുത്തിയെന്നും സംഘത്തിലെ മൂന്നു പേരെ അറസ്റ്റ് ചെയ്തെന്നും ഐആര്‍ജിസിയുടെ ഇന്റലിജന്‍സ് മേധാവി ഹുസൈന്‍ ത്വയ്യിബിനെ ഉദ്ധരിച്ച് ഇറാനിലെ തസ്‌നിം ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

ഷിയാ ചടങ്ങിനിടെ മേജര്‍ ജനറലിനെ വധിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി. സ്വന്തം പ്രവിശ്യയായ കെര്‍മാനില്‍ ഇദ്ദേഹം സ്ഥിരമായി പങ്കെടുക്കുന്ന ചടങ്ങിനെത്തുമ്പോള്‍ സ്‌ഫോടനത്തിലൂടെ വധിക്കാനായിരുന്നു സംഘം പദ്ധതിയിട്ടത്. ഷിയാ അനുസ്മരണ പ്രാര്‍ഥനാ ചടങ്ങ് നടക്കുന്ന ഹാളിനു സമീപത്തെ സുലൈമാനിയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള വീട് വാടകയ്‌ക്കെടുത്ത് കെട്ടിടത്തിനടിയില്‍ തുരങ്കം നിര്‍മിച്ച് സ്‌ഫോടക വസ്തുക്കള്‍ നിറച്ച് സുലൈമാനിയെത്തുമ്പോള്‍ സ്‌ഫോടനം നടത്താനായിരുന്നു സംഘം പദ്ധതിയിട്ടത്.

വര്‍ഷങ്ങള്‍ നീണ്ട ഗൂഢാലോചനയ്‌ക്കൊടുവിലാണ് സംഘം ഇറാനില്‍ പ്രവേശിച്ചതെന്നും ഇവര്‍ റവല്യൂഷണറി ഗാര്‍ഡിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും ത്വയ്യിബ് പറഞ്ഞു.

Tags: