ജനറലിന്റെ വധം: ഇറാന്‍ കടുത്ത നടപടികളിലേക്ക്; ആണവക്കരാറില്‍ നിന്ന് പിന്‍മാറി

യുറേനിയം സമ്പുഷ്ടീകരണമടക്കമുള്ള കാര്യങ്ങളില്‍ ഇനി കരാറിലുള്ള ഒരു ഉടമ്പടിയും പാലിക്കില്ലെന്നും ഇറാന്‍ ഭരണകൂടത്തെ ഉദ്ധരിച്ച് ഔദ്യോഗിക ടിവി ചാനല്‍ പ്രഖ്യാപിച്ചു.

Update: 2020-01-06 01:14 GMT

തെഹ്‌റാന്‍: യുഎന്‍ മധ്യസ്ഥതയില്‍ 2015ല്‍ ലോകരാജ്യങ്ങളുമായി ഒപ്പുവച്ച ആണവക്കരാറില്‍ നിന്ന് പിന്‍മാറുന്നതായി ഇറാന്‍.ഇറാന്റെ ഖുദ്‌സ് ഫോഴ്‌സ് തലവന്‍ കാസിം സുലൈമാനിയെ വധിച്ച യുഎസ് നീക്കത്തില്‍ പ്രതിഷേധിച്ചാണ് നടപടി. യുറേനിയം സമ്പുഷ്ടീകരണമടക്കമുള്ള കാര്യങ്ങളില്‍ ഇനി കരാറിലുള്ള ഒരു ഉടമ്പടിയും പാലിക്കില്ലെന്നും ഇറാന്‍ ഭരണകൂടത്തെ ഉദ്ധരിച്ച് ഔദ്യോഗിക ടിവി ചാനല്‍ പ്രഖ്യാപിച്ചു.

അതേസമയം, യൂറോപ്യന്‍ യൂനിയനുമായുള്ള ചര്‍ച്ചകള്‍ക്ക് അതിന്റെ വാതിലുകള്‍ തുറന്നിട്ടതായും ഔദ്യോഗിക ടിവി ചാനല്‍ അറിയിച്ചു. ആണവായുധം നിര്‍മിക്കില്ലെന്ന മുന്‍ നിലപാടില്‍ നിന്നു പിന്നോട്ടില്ലെന്നും ഇറാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ഇറാനിലെ ഷിയാ പുണ്യ നഗരമായ ഖുമ്മിലെ ജംകരണ്‍ പള്ളിയില്‍ ചുവന്ന കൊടിയുയര്‍ത്തിയത് ലോകത്തെ ഞെട്ടിച്ചിരുന്നു. രാജ്യം യുദ്ധം പോലുള്ള അടിയന്തരപ്രതിസന്ധിയിലേക്ക് നീങ്ങുമ്പോഴാണ് ഈ പള്ളിയില്‍ ചുവന്ന കൊടിയുയര്‍ത്തുക. അനീതിയാല്‍ രക്തം വീണുവെന്നും, ഇതിന് പ്രതികാരം ചെയ്യണമെന്നും സൂചിപ്പിക്കാനാണ് ഇറാനില്‍ ഇത്തരം കൊടിയുയര്‍ത്താറ്. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു കൊടി ഇറാനില്‍ ഉയര്‍ത്തപ്പെടുന്നത്.

സുലൈമാനിയുടെ വധത്തില്‍ കടുത്ത പ്രതികാരം തന്നെ ചെയ്യുമെന്ന് ഇറാന്‍ പരമാധികാരി ആയത്തുല്ല അലി ഖാംനഈ പ്രഖ്യാപിച്ചിരുന്നു. സുലൈമാനിയുടെ സംസ്‌കാരചടങ്ങില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. അതേസമയം, അതേസമയം, യുഎസിനെതിരേ കടുത്ത നടപടിയുമായി മുന്നോട്ടുപോകാനാണ് ഇറാന്റെ അയല്‍രാജ്യമായ ഇറാഖിന്റെ തീരുമാനം. രാജ്യത്ത് നിന്ന് യുഎസ് സഖ്യസേനയെ പുറത്താക്കാനുള്ള പ്രമേയം ഇറാഖി പാര്‍ലമെന്റ് ഏകകണ്‌ഠേന പാസ്സാക്കി.

നാല് വര്‍ഷം മുമ്പ് ഐഎസിനെ പുറത്താക്കാനും നിര്‍മാര്‍ജനം ചെയ്യാനും യുഎസ് സഖ്യസേനയുമായി ഇറാഖി സര്‍ക്കാര്‍ ഒപ്പുവച്ച കരാര്‍ അവസാനിപ്പിക്കാനും ഇറാഖി പാര്‍ലമെന്റ് തീരുമാനിച്ചു.


Tags:    

Similar News