സിബിഐ ചിദംബരത്തിന്റെ വീട്ടിലെത്തി; അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന

Update: 2019-08-20 16:17 GMT

ന്യൂഡല്‍ഹി:മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ ഡല്‍ഹിയിലെ വസതിയില്‍ സിബിഐ സംഘമെത്തി. ആറ് പേരടങ്ങിയ ഉദ്യോഗസ്ഥ സംഘമാണ് ചിദംബരത്തിന്റെ വീട്ടിലെത്തിയത്. ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെതിരെ പി ചിദംബരം സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുന്നതിനിടെയാണ് സിബിഐയുടെ പുതിയ നീക്കം.

എന്നാല്‍ ചിദംബരം വീട്ടിലില്ലെന്ന വിവരം നല്‍കിയതോടെ സിബിഐ സംഘം പ്രാഥമിക വിവരങ്ങള്‍ അന്വേഷിച്ച് തിരികെപ്പോയി. അതേസമയം, സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുളളതായി അഭ്യൂഹങ്ങളുണ്ട്. അതിനിടെ, ഇതേ കേസില്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ ഫെബ്രുവരി 28ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു. കാര്‍ത്തി പിന്നീട് ജാമ്യത്തിലിറങ്ങി.

കേസുമായി ബന്ധപ്പെട്ട് പി ചിദംബരത്തെ പല തവണ എന്‍ഫോഴ്‌സ്‌മെന്റും സിബിഐയും ചോദ്യം ചെയ്തിരുന്നു. ഐഎന്‍എക്‌സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്.

ഐഎന്‍എക്‌സ് മീഡിയ കമ്പനിക്ക് 2007ല്‍ വിദേശഫണ്ട് ഇനത്തില്‍ ലഭിച്ചത് 305 കോടി രൂപയാണ്. ചിദംബരത്തിനും കാര്‍ത്തിക്കും പുറമേ ഐഎന്‍എക്‌സ് മീഡിയ, ഡയറക്ടര്‍മാരായ പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവര്‍ക്കെതിരേയും സിബിഐ അന്വേഷണം നടത്തുന്നുണ്ട്.

Tags:    

Similar News