ചിദംബരത്തിനെതിരായ കേസ്: സപ്തംബര്‍ 20നുള്ളില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചേക്കും

90 മണിക്കൂറിനുള്ളില്‍ 450 ചോദ്യങ്ങള്‍ ചോദിച്ചതായി റിപോര്‍ട്ട്

Update: 2019-09-05 16:28 GMT

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയാ കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്ത മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിനെതിരേ സപ്തംബര്‍ 20നുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കുമെന്ന് റിപോര്‍ട്ട്. ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളുകയും തിഹാര്‍ ജയിലിടയ്ക്കുകയും ചെയ്തതിനു പിന്നാലെയാണ് അതിവേഗം കുറ്റപത്രം സമര്‍പ്പിച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. സപ്തംബര്‍ 19 വരെയാണ് കോടതി റിമാന്‍ഡ് കാലാവധി നീട്ടിയത് എന്നതിനാല്‍ ഇതിനകം തന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധ്യതയുണ്ടെന്ന് എന്‍ഡിടിവി ഉന്നതവൃത്തങ്ങളെ ഉദ്ദരിച്ച് റിപോര്‍ട്ട് ചെയ്യുന്നത്.

    അതിനിടെ, കഴിഞ്ഞ ആഴ്ച സാഹസികമായി വീട്ടുമതില്‍ ചാടിക്കടന്ന് സിബി ഐ സംഘം അറസ്റ്റ് ചെയ്ത ശേഷം പി ചിദംബരത്തെ കഠിനമായ ചോദ്യംചെയ്യലിനു വിധേയമാക്കിയതായും റിപോര്‍ട്ടുകളുണ്ട്. 90 മണിക്കൂര്‍ ചോദ്യം ചെയ്യലില്‍ 450 ഓളം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയതായാണു എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ പ്രധാനമായും വിദേശ നിക്ഷേപ പ്രമോഷന്‍ ബോര്‍ഡ് (എഫ്‌ഐപിബി) ക്ലിയറന്‍സുമായി ബന്ധപ്പെട്ടതാണ്. കേസിലെ കൂട്ടുപ്രതിയും മകനുമായ

    കാര്‍ത്തി ചിദംബരവുമായി നടത്തിയ ഇ-മെയില്‍ കൈമാറ്റങ്ങളെ കുറിച്ചും ചോദ്യം ചോദിച്ചിട്ടുണ്ട്. 2007ല്‍ ധനമന്ത്രിയായിരിക്കെ പീറ്റര്‍, ഇന്ദ്രാണി മുഖര്‍ജി എന്നിവരുമായി ചേര്‍ന്ന് സ്ഥാപിച്ച ഐഎന്‍എക്‌സ് മീഡിയ എന്ന മാധ്യമ കമ്പനിക്കു വേണ്ടി വന്‍തോതില്‍ വിദേശനിക്ഷേപത്തിന് സഹായം ചെയ്‌തെന്നാണ് സിബിഐ ആരോപണം.

    കഴിഞ്ഞ രണ്ടാഴ്ചയായി സിബിഐ കസ്റ്റഡിയിലുണ്ടായിരുന്ന ചിദംബരത്തെ വ്യാഴാഴ്ച ഡല്‍ഹി കോടതിയാണ് തിഹാര്‍ ജയിലിലേക്ക് അയച്ചത്. അതിനിടെ, എയര്‍സെല്‍-മാക്‌സിസ് ഇടപാട് കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി അംഗീകരിച്ചതോടെ ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും ഏറെ ആശ്വാസമായി.




Tags:    

Similar News