ഐഎന്‍ടിയുസി നേതാവ് കെ സുരേന്ദ്രന്‍ അന്തരിച്ചു

Update: 2020-06-21 13:25 GMT

കണ്ണൂര്‍: ഐഎന്‍ടിയുസി നേതാവും കെപിസിസി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡന്റുമായിരുന്ന കെ സുരേന്ദ്രന്‍ അന്തരിച്ചു.  64 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കണ്ണൂരിലെ തിരുവേപ്പതി മില്ലില്‍ സ്‌റ്റോര്‍ കീപ്പറായി ജോലിയില്‍ പ്രവേശിച്ച് ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനരംഗത്തിലൂടെ വളര്‍ന്ന് കോണ്‍ഗ്രസ് സംഘടനാ രംഗത്ത് ഉന്നത പദവികളില്‍ എത്തിച്ചേര്‍ന്നു. ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി, 14 വര്‍ഷത്തോളം ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു.

    കണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി കോണ്‍ഗ്രസ് സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ച കെ സുരേന്ദ്രന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി നാലുവര്‍ഷം പ്രവര്‍ത്തിച്ചു. ഐഎന്‍ടിയുസിയില്‍ അഫിലിയേറ്റ് ചെയ്ത നിരവധി ട്രേഡ് യൂണിയനുകളുടെ പ്രസിഡന്റും കണ്ണൂര്‍ ലേബര്‍ വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഐഎന്‍ടിയുസിയില്‍ അഫിലിയേറ്റ് ചെയ്ത നിരവധി ട്രേഡ് യൂനിയനുകളുടെ പ്രസിഡന്റും കണ്ണൂര്‍ ലേബര്‍ വെല്‍ഫെയര്‍ കോ-ഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. ജില്ലാപഞ്ചായത്ത് വളപട്ടണം ഡിവിഷനിലേക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളില്‍ നിന്നും മല്‍സരിച്ചിട്ടുണ്ട്.

    പരേതരായ കളത്തില്‍ കണാരന്‍-നാണ ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീഷ. മക്കള്‍: സൂര്യ, ശ്രുതി(ഇരുവരും ദുബയ്). മരുമകന്‍: ഷനോജ്(ദുബയ്). സഹോദരി: ശാരദ

    കെ സുരേന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഊര്‍ജസ്വലനായ പൊതുപ്രവര്‍ത്തകനും കക്ഷി വ്യത്യാസങ്ങള്‍ക്കതീതമായി സൗഹൃദങ്ങള്‍ കാത്തുസൂക്ഷിച്ച ട്രേഡ് യൂനിയന്‍ നേതാവുമായിരുന്നു കെ സുരേന്ദ്രനെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.






Tags: