എക്‌സൈസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ അതിര്‍ത്തി കടന്നു; അധ്യാപികക്കെതിരേ കേസ്

തിരുവനന്തപുരം റൂറല്‍ നാര്‍ക്കോട്ടിക് ഡിവൈഎസ്പി അനുവദിച്ച പാസുമായാണ് അധ്യാപിക കര്‍ണാടക അതിര്‍ത്തി കടന്നത്. അധ്യാപികയെ വയനാട്ടിലെ ചുരം, മുത്തങ്ങ അതിര്‍ത്തികള്‍ കടക്കാന്‍ സഹായിച്ച കല്‍പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെയും വകുപ്പുതല അന്വേഷണത്തിന് കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.

Update: 2020-04-23 05:08 GMT

വയനാട്: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയില്‍ തിരുവനന്തപുരത്തെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അടുത്ത സുഹൃത്തായ അധ്യാപികയെ സര്‍ക്കാര്‍വാഹനത്തില്‍ കര്‍ണാടകയിലെത്തിച്ചത് വിവാദമാവുന്നു. തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയെയാണ് അതിര്‍ത്തികടക്കാന്‍ ഉദ്യോഗസ്ഥന്‍ സഹായിച്ചത്.

സംഭവത്തില്‍ പോലിസ് കേസെടുത്തു. തലസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയ്‌ക്കെതിരെയാണ് നടപടി. പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുക്കാനാണ് നിര്‍ദേശം. തിരുവനന്തപുരം റൂറല്‍ നാര്‍ക്കോട്ടിക് ഡിവൈഎസ്പി അനുവദിച്ച പാസുമായാണ് അധ്യാപിക കര്‍ണാടക അതിര്‍ത്തി കടന്നത്. അധ്യാപികയെ വയനാട്ടിലെ ചുരം, മുത്തങ്ങ അതിര്‍ത്തികള്‍ കടക്കാന്‍ സഹായിച്ച കല്‍പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെയും വകുപ്പുതല അന്വേഷണത്തിന് കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.

ഇങ്ങനെ പാസ് അനുവദിക്കാന്‍ പോലിസിന് അധികാരമില്ല, അതാത് ജില്ലാ കലക്ടര്‍മാരാണ് അന്തര്‍ സംസ്ഥാന അതിര്‍ത്തി കടക്കാന്‍ പാസ് അനുവദിക്കേണ്ടത്. നാര്‍ക്കോട്ടിക് ഡിവൈഎസ്പിക്കെതിരെയും കേസുണ്ടാകും.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ വാഹനത്തിലാണ് അധ്യാപികയെ അതിര്‍ത്തി കടത്തിയത്. എക്‌സൈസിലെ ഉന്നത ഉദ്യോഗസ്ഥന്റെ ഭാര്യയാണ് വാഹനത്തിന് സമീപം എത്തിച്ചത് എന്നും വിവരമുണ്ട്. കര്‍ണാടകയിലെ ഉദ്യോഗസ്ഥരും ഇവരെ തടയാന്‍ തയ്യാറായിട്ടുമില്ല . ദില്ലിയിലേക്കുള്ള യാത്രയിലായിരുന്നു അധ്യാപിക എന്നാണ് അറിയുന്നത്. ലോക്ക് ഡൗണ്‍ നിലനില്‍ക്കെയാണ് ഇത്രയധികം സംസ്ഥാനങ്ങള്‍ താണ്ടി ദില്ലിയിലേക്ക് അധ്യാപിക യാത്ര തിരിച്ചതെന്നതും ശ്രദ്ധേയമാണ്.

തിരുവനന്തപുരത്തുനിന്ന് കര്‍ണാടകയിലേക്കു യാത്രചെയ്യാന്‍ പോലിസിന്റെ യാത്രാപാസ് അധ്യാപികയ്ക്കുണ്ടായിരുന്നു. ഇത്തരമൊരു പാസ് നല്‍കാന്‍ പോലീസിന് അധികാരമില്ലെന്ന് വയനാട് കളക്ടര്‍ അദീല അബ്ദുള്ള പറഞ്ഞു. തിരുവനന്തപുരം മുതല്‍തന്നെ അധ്യാപിക സര്‍ക്കാര്‍ വാഹനത്തിലാണു വന്നതെന്നും സൂചനയുണ്ട്.

താമരശ്ശേരിയില്‍നിന്നാണ് വയനാട്ടിലെ ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥന്‍ അധ്യാപികയെ ഔദ്യോഗിക വാഹനത്തില്‍ കയറ്റിയത്. അതിര്‍ത്തികളിലെ കര്‍ശന പരിശോധനകളെ ഈ അധ്യാപിക മറികടന്നത് ഈ ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ്. തിരുവനന്തപുരം കേന്ദ്രീയവിദ്യാലയത്തില്‍ പഠിപ്പിക്കുന്ന അധ്യാപികയുടെ ശിഷ്യരില്‍ ഉന്നത ഉദ്യോഗസ്ഥരുടെ മക്കളുണ്ട്. ഈ സ്വാധീനം ഉപയോഗിച്ചാണ് ഇവര്‍ യാത്രചെയ്തതെന്നാണു നിഗമനം.

ജില്ലാഭരണകൂടവും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരും ഗൗരവത്തോടെയാണ് ഈ വീഴ്ച അന്വേഷിക്കുന്നത്. അന്തസ്സംസ്ഥാന യാത്രാനുമതി നല്‍കാന്‍ പോലീസിന് അധികാരമില്ലെന്നിരിക്കെ എങ്ങനെ പാസ് നല്‍കിയെന്നത് അന്വേഷിക്കുന്നുണ്ട്. ഇതില്‍ പങ്കാളികളായ എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരേയും വകുപ്പുതല അന്വേഷണമുണ്ടാകും. 

Tags: