ഇന്‍സ്റ്റന്റ് ലോണ്‍: 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ സംഘം അറസ്റ്റില്‍

Update: 2022-07-28 04:59 GMT

മുംബൈ: ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പ് വഴി ഉടന്‍ പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ സംഘം അറസ്റ്റില്‍. തട്ടിപ്പ് സംഘത്തിലെ 14 പേരെ മുംബൈ സിറ്റി ബ്രാഞ്ചിലെ സൈബര്‍ പോലിസാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പോലിസ് വിശദീകരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നാണ് പതിനാല് പേരെയും അറസ്റ്റ് ചെയ്തത്. ലോണ്‍ ആപ്പുകളുടെ ഭീഷണിയെ തുടര്‍ന്ന് മുംബൈ സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിലെ അന്വേഷണമാണ് അറസ്റ്റിലേക്ക് എത്തിയത്. അറസ്റ്റിലായവര്‍ക്ക് ചൈനീസ് ബന്ധമുണ്ടെന്നും ഇനിയും ഏറെ പേര്‍ സംഘത്തില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്നതായും പോലിസ് അറിയിച്ചു.

ലോണ്‍ ആപ്പുകള്‍ വലിയ തട്ടിപ്പുകളുടെ വിളനിലമാകുകയാണ്. അത്യാവശ്യ ഘട്ടത്തില്‍ ആപ്പുകള്‍ വഴി പണം വായ്പ്പയായി സ്വീകരിച്ച നിരവധിപ്പേരാണ് പിന്നാലെ ഇവരുടെ ഭീഷണിക്കും പണം തട്ടിലിനും ബ്ലാക്ക് മെയിലിംഗിനും ഇരയാകുന്നത്. ആപ്പ് വഴി ലോണ്‍ സ്വീകരിച്ചവരുടെ സ്വകാര്യ വിവരങ്ങള്‍ തട്ടിപ്പുസംഘത്തിന് ലഭിക്കുന്നു. ലോണ്‍ ലഭിക്കാന്‍ ഫോണിലെ കോണ്‍ടാക്ടും ഗ്യാലറിയും അടക്കമുള്ള അനുമതിക്കൊപ്പം ആധാര്‍ പാന്‍ നമ്പറുകളെല്ലാം നല്‍കേണ്ടി വരുന്നതോടെയാണ് സ്വകാര്യവിവരങ്ങള്‍ സംഘത്തിന് ലഭിക്കുന്നത്.

ചൈനയില്‍ നിന്നുള്ളവരും ഉത്തരേന്ത്യക്കാരും നേതൃത്വം നല്‍കുന്ന വലിയ ലോബിയാണ് ആപുകള്‍ക്ക് പിന്നില്‍. കേരളത്തിലും നിരവധിപ്പേരാണ് ഇവരുടെ ചതിക്കുഴിയില്‍ വീണത്. മാനഹാനി ഭയന്ന് പലരും പുറത്ത് പറയുന്നില്ല. 8 ലക്ഷം രൂപവരെ നഷ്ടപ്പെട്ടവര്‍ തിരുവനന്തപുരത്ത് തന്നെയുണ്ടെന്നാണ് സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. മലയാളി അടക്കം നിരവധി പേര്‍ ആത്മഹത്യ ചെയ്തിട്ടും ഇത്തരം ആപ്പുകളെ നിയന്ത്രിക്കാന്‍ ഒരു നടപടിയുമെടുത്തിട്ടില്ല.

Tags: