ഡോ. അസീസും ലീഗ് നേതാവും ക്ഷമാപണം നടത്തി; മഷി കുടയല്‍ വിവാദത്തിന് ശുഭപര്യവസാനം

അര നൂറ്റാണ്ടിലേറെയായി മലബാറില്‍ പ്രത്യേകിച്ച് വയനാട്ടില്‍ രാഷ്ട്രീയവും വൈകാരികവുമായി പല തലങ്ങളില്‍ പ്രയോഗിക്കപ്പെട്ട മഷി കുടയില്‍ പ്രചാരണത്തിനും വിവാദത്തിനുമാണ് ഇതോടെ അന്ത്യമാവുന്നത്.

Update: 2020-07-03 10:53 GMT

പിസി അബ്ദുല്ല

കല്‍പറ്റ: പാണക്കാട് പൂക്കോയ തങ്ങളുടെ ദേഹത്ത് വയനാട്ടില്‍ വച്ച് മഷി കുടഞ്ഞു എന്ന പതിറ്റാണ്ടുകളായുള്ള വിവാദത്തിന് വിരാമം. തരുവണയിലെ മഷി കുടയല്‍ പ്രചാരണം ആവര്‍ത്തിച്ച് ശിഹാബ് തങ്ങള്‍ സ്മരണികയില്‍ എഴുതിയ ലേഖനവുമായി ബന്ധപ്പെട്ട് ഡോ. അസീസ് തരുവണ പരസ്യമായി ക്ഷമാപണം നടത്തി. വിവാദ ലേഖനം ഉദ്ധരിച്ച് പ്രസംഗിച്ച മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായിയും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.

അര നൂറ്റാണ്ടിലേറെയായി മലബാറില്‍ പ്രത്യേകിച്ച് വയനാട്ടില്‍ രാഷ്ട്രീയവും വൈകാരികവുമായി പല തലങ്ങളില്‍ പ്രയോഗിക്കപ്പെട്ട മഷി കുടയില്‍ പ്രചാരണത്തിനും വിവാദത്തിനുമാണ് ഇതോടെ അന്ത്യമാവുന്നത്. മുസ്‌ലിം ലീഗ് പ്രചാരണത്തിനായി അരനൂറ്റാണ്ടു മുമ്പ് വയനാട്ടിലെത്തിയ സയ്യിദ് പിഎംഎസ്എ പൂക്കോയ തങ്ങളുടെ ദേഹത്ത് തരുവണയില്‍വച്ച് കോണ്‍ഗ്രസുകാരനായ ഭൂപ്രമാണിയുടെ മകനും ചെറുമകനും മഷി കുടഞ്ഞ് അപമാനിച്ചെന്നായിരുന്നു ആരോപണം. ഇതാവര്‍ത്തിച്ച് 'പ്രവാസ ചന്ദ്രിക' ശിഹാബ് തങ്ങള്‍ പതിപ്പില്‍ ഡോ. അസീസ് തരുവണ എഴുതിയ ലേഖനം പ്രചാരണത്തിന് ആക്കം കൂട്ടി. പൂക്കോയ തങ്ങളുടെ ദേഹത്ത് മഷി കുടഞ്ഞ കുടുംബത്തിലെ രണ്ടുപേര്‍ മനോരോഗികളായെന്ന ലേഖനം അടിസ്ഥാനമാക്കി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായിയുടേതായി പുറത്തുവന്ന പ്രസംഗമാണ് സംഭവം വീണ്ടും സജീവചര്‍ച്ചയാക്കിയത്. ഒമ്പതുവര്‍ഷം മുമ്പത്തെ കല്ലായിയുടെ പ്രസംഗം തരുവണയിലെ ചില സമീപകാല നീക്കങ്ങളുടെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ വീണ്ടും ഇടംനേടുകയായിരുന്നു. ലീഗ് നേതാവിന്റെ പ്രസംഗം വ്യാപകമായി പ്രചരിച്ചുതുടങ്ങിയതോടെ ആരോപണവിധേയരായ കുടുംബം മഷി കുടയല്‍ കഥയ്‌ക്കെതിരേ രംഗത്തുവന്നു. പള്ളിയാല്‍ ആലി ഹാജിയുടെ മകനും കോണ്‍ഗ്രസ് നേതാവുമായ പള്ളിയാല്‍ മൊയ്ദൂട്ടിക്കു പിന്നാലെ ഡോ. അസീസിനും കല്ലായിക്കുയെതിരായ നീക്കങ്ങള്‍ ശക്തമായി. വിവാദം സംബന്ധിച്ച് കഴിഞ്ഞ ദിവസം തേജസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അനുരഞ്ജന ശ്രമങ്ങളുമായി സാംസ്‌കാരിക പ്രവര്‍ത്തകനായ ടികെ ഇബ്രാഹീം അടക്കമുള്ളവര്‍ ഇടപെട്ടിരുന്നു. ഫാറൂഖ് കോളജ് മലയാള വിഭാഗം മേധാവിയും വയനാട്ടുകാരനുമായ ഡോ. അസീസ് തരുവണ വിവാദ ലേഖനം സംബന്ധിച്ച് ഇന്നലെ ക്ഷമാപണം നടത്തി. കാലങ്ങളായി വയനാട്ടുകാരുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ പ്രചാരണം തന്റെ ലേഖനത്തില്‍ ഇടം നേടിയത് ആരെയെങ്കിലും അപമാനിക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നില്ലെന്ന് ഡോ. അസീസ് തേജസ് ന്യൂസിനോട് പറഞ്ഞു.

എങ്കിലും,വസ്തുതാപരമല്ലാത്ത കാര്യങ്ങള്‍ ലേഖനത്തില്‍ ഉപയോഗിച്ചത് അക്ഷന്തവ്യമായ തെറ്റുതന്നെയാണെന്നും അതുമൂലം തന്റെ സുഹൃത്തുക്കളും നാട്ടുകാരുമായ പലര്‍ക്കും മനോവിഷമത്തില്‍ ക്ഷമാപണം നടത്തുന്നതായും അദ്ദേഹം ഫേസ് ബുക്കിലും കുറിച്ചു.

യു.പി സ്‌കൂള്‍ പഠനകാലത്താണ് എന്റെ ആദ്യ സൃഷ്ടി വെളിച്ചം കണ്ടത്. ഇതിനകം ഗവേഷണ പ്രബന്ധങ്ങളടക്കം മുന്നൂറിലേറെ ആര്‍ട്ടിക്കിള്‍സും പതിനഞ്ചോളം പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിലൊന്നിന്റെ പേരിലും തിരുത്തുകളോ ക്ഷമാപണമോ നടത്തേണ്ടി വന്നിട്ടില്ലെന്നും അസീസ് തരുവണ പറഞ്ഞു.

ലേഖനത്തില്‍ തെറ്റുപറ്റിയതായി അതെഴുതിയ ആള്‍ അംഗീകരിച്ച സാഹചര്യത്തില്‍ ആ ലേഖനം ഉപയോഗിച്ചുള്ള തന്റെ പ്രസംഗവും തെറ്റാണെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി തേജസി നോട് പറഞ്ഞു. ബന്ധപ്പെട്ട കുടുംബത്തോട് ക്ഷമ പറയുന്നതായും പ്രസംഗം യുടുബില്‍ നിന്ന് നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ധേഹം അറിയിച്ചു. വിവാദത്തില്‍ ആരോടും വിദ്വേഷമില്ലെന്നും ഇരുവരും തെറ്റു തിരുത്തിയ നടപടി സ്വാഗതാര്‍ഹമാണെന്നും പള്ളിയാല്‍ കുടുംബ വൃത്തങ്ങളും അറിയിച്ചു. 

Tags:    

Similar News