രാജ്യത്തെ ആദ്യ സ്വകാര്യ തീവണ്ടി പാളം തൊട്ടു, തീവണ്ടി വൈകിയാല്‍ യാത്രക്കാര്‍ക്ക് 250 രൂപ
ശതാബ്ദി എക്‌സ്പ്രസ് തീവണ്ടികളുടെ കൂടുതല്‍ പ്രീമിയമായ തീവണ്ടിയാണ് തേജസ് എക്‌സ്പ്രസ്. ചൊവ്വാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസം ഈ പാതയില്‍ സ്വകാര്യ തീവണ്ടി സര്‍വീസ് നടത്തും. ആറ് മണിക്കൂര്‍ പതിനഞ്ച് മിനിറ്റിനുള്ളില്‍ തേജസ് എക്‌സ്പ്രസ് ലഖ്‌നൗവില്‍നിന്ന് ഡല്‍ഹിയിലെത്തും.
ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ സ്വകാര്യ തീവണ്ടി ലഖ്‌നൗ-ഡല്‍ഹി പാതയില്‍ ഓടിത്തുടങ്ങി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആദ്യ സ്വകാര്യ തീവണ്ടിയായ തേജസ് എക്‌സ്പ്രസ് ഫഌഗ് ഓഫ് കര്‍മം നിര്‍വഹിച്ചു.ഐആര്‍സിടിസിയുടെ (ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) മേല്‍നോട്ടത്തിലുള്ള തേജസ് എക്പ്രസസിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ യാത്ര ശനിയാഴ്ച തുടങ്ങും.
ശതാബ്ദി എക്‌സ്പ്രസ് തീവണ്ടികളുടെ കൂടുതല്‍ പ്രീമിയമായ തീവണ്ടിയാണ് തേജസ് എക്‌സ്പ്രസ്. ചൊവ്വാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസം ഈ പാതയില്‍ സ്വകാര്യ തീവണ്ടി സര്‍വീസ് നടത്തും. ആറ് മണിക്കൂര്‍ പതിനഞ്ച് മിനിറ്റിനുള്ളില്‍ തേജസ് എക്‌സ്പ്രസ് ലഖ്‌നൗവില്‍നിന്ന് ഡല്‍ഹിയിലെത്തും. രാവിലെ 6.10ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 12.25ന് ഡല്‍ഹിയിലെത്തും. 3.35ന് ഡല്‍ഹിയില്‍ നിന്ന് മടങ്ങി രാത്രി 10.05ന് ലഖ്‌നൗവില്‍ തിരിച്ചെത്തുന്ന വിധമാണ് സ്വകാര്യ തീവണ്ടിയുടെ സമയക്രമം. യാത്രയ്ക്കിടയില്‍ ആകെ കാണ്‍പൂരിലും ഗാസിയാബാദിലുമാണ് വണ്ടിക്ക് സ്‌റ്റോപ്പുള്ളത്. മികച്ച നിലവാരത്തിലുള്ള കോച്ചുകള്‍ക്കൊപ്പം സിസി ടിവി ക്യാമറ, ബയോ ടോയ്‌ലെറ്റ്, എല്‍ഇഡി ടിവി, ഓട്ടോമാറ്റിക് ഡോര്‍, റീഡിങ് ലൈറ്റ്, പ്രത്യേക മൊബൈല്‍ ചാര്‍ജിങ് പോയന്റ് തുടങ്ങി യാത്രക്കാര്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുന്ന നിരവധി നൂതന സംവിധാനങ്ങള്‍ ട്രെയ്‌നില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ചായ, കോഫി മെഷീനുകളും തീവണ്ടിക്കുള്ളിലുണ്ട്. വിമാന യാത്രയ്ക്ക് സമാനമായ രീതിയില്‍ ജോലിക്കാര്‍ യാത്രക്കാര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കും.758 യാത്രക്കാര്‍ക്ക് തീവണ്ടിയില്‍ യാത്രചെയ്യാം. യാത്രക്കാര്‍ക്ക് 25 ലക്ഷം രൂപയുടെ വരെ സൗജന്യ ഇന്‍ഷുറന്‍സും ലഭിക്കും. ഒരു മണിക്കൂറിലേറെ തീവണ്ടി വൈകിയാല്‍ യാത്രക്കാര്‍ക്ക് ഐആര്‍സിടിസി 100 രൂപ നല്‍കും. രണ്ട് മണിക്കൂറിന് മുകളില്‍ വൈകിയാല്‍ 250 രൂപ വരെയും ലഭിക്കും. എസി ചെയറിന് 1125 രൂപയും എക്‌സിക്യൂട്ടീവ് ചെയറിന് 2310 രൂപയുമാണ് ടിക്കറ്റ് നിരക്ക്.മുംബൈ-ഹൈദരാബാദ് പാതയിലാണ് രണ്ടാമത്തെ സ്വകാര്യ തീവണ്ടി സര്‍വീസ് നടത്താന്‍ ഐ.ആര്‍.സി.ടി.സി. ലക്ഷ്യമിടുന്നത്. പിന്നാലെ പ്രധാനപ്പെട്ട മറ്റു പാതകളിലും സ്വകാര്യ തീവണ്ടികള്‍ പരീക്ഷിക്കും. വിജയകരമായാല്‍ സ്വകാര്യ തീവണ്ടികള്‍ രാജ്യത്തുടനീളം ഓടിത്തുടങ്ങും. തിരുവനന്തപുരം-എറണാകുളം റൂട്ടാണ് കേരളത്തില്‍നിന്ന് സാധ്യതാപട്ടികയിലുള്ളത്.

