ഇന്ത്യന്‍ ആക്രമണം തിരഞ്ഞെടുപ്പ് അട്ടിമറിക്കാനെന്ന് കോടിയേരി;കോടിയേരി കൊടും ഭീകരനെന്നും നാട് കടത്തണമെന്നും കെ സുരേന്ദ്രന്‍
ഒരു സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രിയായിരുന്ന ഈ പരമദ്രോഹിയെ നാടുകടത്തുകയാണ് വേണ്ടതെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തു
കോഴിക്കോട്: പുല്‍വാമ ആക്രമത്തിനു തിരിച്ചടിയെന്നോണം പാകിസ്താന്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സേന നടത്തിയ ആക്രമണം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് യുദ്ധമുണ്ടാക്കി തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള ബിജെപി, ആര്‍എസ്എസ് ശ്രമത്തിന്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍, കോടിയേരി ബാലകൃഷ്ണന്‍ ജയ്‌ഷെ മുഹമ്മദിനേക്കാള്‍ വലിയ ഭീകരനാണെന്നും നാടുകടത്തണമെന്നും ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പറഞ്ഞു. കേരള സംരക്ഷണ യാത്രയ്ക്ക് ഇടുക്കി നെടുങ്കണ്ടത്ത് നടന്ന സ്വീകരണയോഗത്തിലാണ് കോടിയേരിയുടെ പരാമര്‍ശം.രാജ്യത്ത് മുസ്‌ലിം വിരോധം സൃഷ്ടിച്ച് വര്‍ഗീയ ധ്രൂവികരണത്തിനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. കശ്മീര്‍ വിഷയം പരിഹരിക്കുന്നതിനു പകരം വഷളാക്കി കശ്മീരി ജനങ്ങളെ ശത്രുക്കളാക്കുന്ന സമീപനമാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കശ്മീരി ജനതയെ രാജ്യത്തിനൊപ്പം നിര്‍ത്തണം. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പരാജയ ഭീതി മണത്ത ബിജെപി സര്‍ക്കാര്‍ രാജ്യത്ത് യുദ്ധഭ്രാന്ത് സൃഷ്ടിച്ച് വര്‍ഗീയ ധ്രൂവീകരണത്തിനാണ് ശ്രമിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. ഇതിനു മറുപടിയെന്നോണമാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്റെ മറുപടിയെത്തിയത്. കോടിയേരി ബാലകൃഷ്ണന്‍ വെറും അഞ്ചാം പത്തിയല്ല. ജയ്‌ഷെ മുഹമ്മദ് ഭീകരനെക്കാള്‍ വലിയ അഞ്ചാംപത്തിയാണ്. ഇത്തരം ചതിയന്മാരെയാണ് രാജ്യം കൂടുതല്‍ ഭയപ്പെടേണ്ടത്. ഒരു സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രിയായിരുന്ന ഈ പരമദ്രോഹിയെ നാടുകടത്തുകയാണ് വേണ്ടതെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തു.