സഞ്ജീവ് ഭട്ടിന് ജാമ്യം അനുവദിക്കണമെന്ന് മനുഷ്യാവകാശ സംഘടനകള്‍

കൊലപാതക കേസില്‍ ഭട്ടിനെ ശിക്ഷിച്ചത് കെട്ടിച്ചമച്ച തെളിവുകളുടെ അടിസ്ഥാനത്തിലുമാണെന്നും ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സിലും (ഐഎഎംസി) ഹിന്ദൂസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സും സംയുക്തമായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ വിവിധ സംഘടനകളും വ്യക്തികളും കുറ്റപ്പെടുത്തി.

Update: 2021-01-19 12:44 GMT

ന്യൂഡല്‍ഹി/വാഷിങ്ടണ്‍: മുന്‍ പോലിസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് ജാമ്യം അനുവദിക്കണമെന്ന് സുപ്രിംകോടതിയോട് ആവശ്യപ്പെട്ട് ഇന്ത്യയിലേയും യുഎസിലേയും പൗരാവകാശ പ്രവര്‍ത്തകരും സംഘടനകളും. കൊലപാതക കേസില്‍ ഭട്ടിനെ ശിക്ഷിച്ചത് കെട്ടിച്ചമച്ച തെളിവുകളുടെ അടിസ്ഥാനത്തിലുമാണെന്നും ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സിലും (ഐഎഎംസി) ഹിന്ദൂസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സും സംയുക്തമായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ വിവിധ സംഘടനകളും വ്യക്തികളും കുറ്റപ്പെടുത്തി.

ഈ മാസം 22ന് ഭട്ടിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതിയുടെ പരിഗണനയില്‍ വരുന്നുണ്ട്. ഭട്ടിനോടുള്ള അനീതിയില്‍ താന്‍ ക്ഷുഭിതനാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ശശി തരൂര്‍ പറഞ്ഞു. 'സമൂഹത്തോടുള്ള മനസാക്ഷിപരമായ സേവനവും' 'അധികാരത്തോട് സത്യം സംസാരിക്കാനുള്ള കീഴടക്കാനാവാത്ത ശേഷിയുമാണ് അദ്ദേഹത്തെ ജയിലിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

2002 ലെ കൂട്ടക്കൊലയെ എതിര്‍ത്തതിനാലാണ് ഭട്ടിനെ ജയിലിലടച്ചതെന്ന് പ്രശസ്ത ഡോക്യുമെന്ററി ചലച്ചിത്ര നിര്‍മ്മാതാവും മനുഷ്യാവകാശ സംരക്ഷകനുമായ ആനന്ദ് പട്വര്‍ധന്‍ പറഞ്ഞു. പൊതു സമൂഹം ഭട്ടിന്റെ മോചനത്തിനായി മുന്നിട്ടിറങ്ങണമെന്നും പട്‌വര്‍ധന്‍ പറഞ്ഞു. ഭട്ടിന്റെ കാര്യത്തില്‍ മാത്രമല്ല, മോഡി സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരായ മിക്ക കേസുകളിലും 'കൃത്യമായ അജണ്ട' ഉണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകയും ക്ലാസിക്കല്‍ നര്‍ത്തകിയും നടിയുമായ മല്ലിക സാരാഭായ് പറഞ്ഞു.

'സഞ്ജീവ് ഭട്ടിന്റെ കേസ് രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്നത് ഇന്ത്യന്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റഷീദ് അഹമ്മദ് പറഞ്ഞു. സര്‍ക്കാരിനെ ഭയപ്പെടുകയോ സ്വയം രാഷ്ട്രീയക്കാരായി മാറുകയോ ചെയ്യുന്ന ജഡ്ജിമാരല്ലാത്ത സ്വതന്ത്ര ജഡ്ജിമാരുടെ മേല്‍നോട്ടത്തില്‍ നിയമം നടപ്പാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Tags: