കൊവിഡ് മരണത്തില്‍ ബ്രിട്ടനെ മറികടന്ന് ഇന്ത്യ; മുമ്പില്‍ യുഎസും ബ്രസീലും മെക്‌സിക്കോയും മാത്രം

ഇന്നലെ 934 കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മരണസംഖ്യയില്‍ ഇന്ത്യ ബ്രിട്ടനെ പിന്തള്ളി നാലാംസ്ഥാനത്ത് എത്തിയത്.

Update: 2020-08-13 04:33 GMT

ന്യൂഡല്‍ഹി: ലോകമാകെ പടര്‍ന്നുപിടിച്ച മഹാമാരിയായ കൊവിഡ് 19 ബാധിച്ചുള്ള മരണത്തില്‍ ഇന്ത്യ ബ്രിട്ടനെ മറികടന്നു. ആഗോളതലത്തില്‍ അമേരിക്ക, ബ്രസീല്‍, മെക്‌സിക്കോ എന്നി രാജ്യങ്ങള്‍ മാത്രമാണ് ഇക്കാര്യത്തില്‍ ഇന്ത്യയ്ക്കു മുമ്പിലുള്ളത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ അതിവേഗം ഇന്ത്യ ഈ രാജ്യങ്ങളെ മറികടക്കുമെന്ന ഭയപ്പെടുത്തുന്ന റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ഇന്നലെ 934 കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മരണസംഖ്യയില്‍ ഇന്ത്യ ബ്രിട്ടനെ പിന്തള്ളി നാലാംസ്ഥാനത്ത് എത്തിയത്. രാജ്യത്ത് കൊവിഡ് മരണം 47000 കടന്നിരിക്കുകയാണ്.47,138 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ ജീവന്‍ നഷ്ടമായത്.

വേള്‍ഡോമീറ്റര്‍ കണക്ക് അനുസരിച്ച് ബ്രിട്ടനില്‍ മരണസംഖ്യ 46,706 ആണ്. 13 ദിവസം മുന്‍പാണ് ഇറ്റലിയെ മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത് എത്തിയത്.

അതേസമയം, ഇന്ത്യയില്‍ മരണനിരക്ക് കുറവാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. മരണനിരക്ക് രണ്ടു ശതമാനത്തില്‍ താഴെയാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഇന്നലെ മാത്രം 67,066 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 23,95,471 ആയി ഉയര്‍ന്നിട്ടുണ്ട്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍കൊവിഡ് രോഗികളുള്ളത്. രണ്ടാംസ്ഥാനത്ത് ബ്രസീലാണ്.


Tags: