അനാവശ്യയാത്ര ഒഴിവാക്കണം; യുക്രെയ്‌നിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ്

Update: 2022-10-11 01:09 GMT

കീവ്: യുക്രെയ്‌നിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി കീവിലെ ഇന്ത്യന്‍ എംബസി രംഗത്ത്. കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രത്തില്‍ റഷ്യ മിസൈല്‍ ആക്രമണങ്ങളുമായി സൈനിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ചതിന് ശേഷം യുക്രെയ്‌നിലേക്കും തിരിച്ചുമുള്ള അനാവശ്യമായ ആഭ്യന്തര യാത്രകള്‍ ഒഴിവാക്കണമെന്നും താമസസ്ഥലമടക്കമുള്ള വിവരങ്ങള്‍ ഇന്ത്യന്‍ എംബസിയെ കൃത്യമായി അറിയിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. യുക്രെയ്ന്‍ സര്‍ക്കാര്‍ നല്‍കുന്ന സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

നീണ്ട ഇടവേളയ്ക്കുശേഷം യുക്രെയ്‌നില്‍ റഷ്യ ആക്രമണം കടുപ്പിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്. കഴിഞ്ഞ ഫെബ്രുവരി 24 ന് കിഴക്കന്‍ യൂറോപ്യന്‍ രാജ്യത്തിനെതിരേ റഷ്യ സൈനികാക്രമണം ആരംഭിച്ചതിന് ശേഷം ഏകദേശം 20,000 ഇന്ത്യക്കാര്‍, കൂടുതലും വിദ്യാര്‍ഥികള്‍ യുക്രെയ്‌നില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങി. എന്നിരുന്നാലും ചില വിദ്യാര്‍ഥികള്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇന്ത്യയില്‍ നിന്ന് യുക്രെയ്‌നിലേക്ക് മടങ്ങിപ്പോയിരുന്നു. യുക്രെയ്‌നിലെ തങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് ഇന്ത്യന്‍ പൗരന്‍മാരോട് അറിയിക്കാന്‍ കീവിലെ ഇന്ത്യന്‍ എംബസി തിങ്കളാഴ്ച അറിയിച്ചു.

അങ്ങനെ ആവശ്യമെങ്കില്‍ അവരെ ബന്ധപ്പെടാന്‍ കഴിയും. 7,725 കിലോഗ്രാം ഭാരമുള്ള മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും അടങ്ങുന്ന മാനുഷിക സഹായത്തിന്റെ 12ാമത് ശേഖരം സപ്തംബര്‍ 12 ന് ന്യൂഡല്‍ഹിയില്‍ നിന്ന് യുക്രെയ്‌ന് അയച്ചു. ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളും മറ്റ് സംഘടനകളും യുക്രെയ്‌ന് 8 മില്യന്‍ ഡോളര്‍ വിലമതിക്കുന്ന മരുന്നുകളും ഭക്ഷണവും സാമ്പത്തിക സഹായവും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തലസ്ഥാനമായ കീവ് ഉള്‍പ്പെടെ യുക്രെയ്ന്‍ നഗരങ്ങളില്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ 10 പേര്‍ കൊല്ലപ്പെട്ടു.

60ലേറെ പേര്‍ക്കു പരിക്കേറ്റു. പുലര്‍ച്ചെ തുടങ്ങിയ ആക്രമണത്തില്‍ 83 മിസൈലുകളാണ് റഷ്യ വര്‍ഷിച്ചത്. ജൂണ്‍ 26നുശേഷം യുക്രെയ്‌നില്‍ റഷ്യ നടത്തുന്ന ഏറ്റവും ശക്തമായ ആക്രമണമാണിത്. ക്രിമിയയുമായി ബന്ധിപ്പിക്കുന്ന പാലം യുക്രെയ്ന്‍ സ്‌ഫോടനത്തില്‍ തകര്‍ത്തുവെന്നാരോപിച്ചാണ് റഷ്യയുടെ ആക്രമണം. റഷ്യന്‍ പട്ടാളത്തിന് ഏറെ തന്ത്രപ്രധാനമായ പാലം തകര്‍ത്തത് ഭീകരപ്രവര്‍ത്തനമാണെന്നു റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ കുറ്റപ്പെടുത്തിയിരുന്നു. റഷ്യന്‍ ഭീകരതയോട് സമാനമായ രീതിയില്‍ പ്രതികരിക്കേണ്ടിവരുമെന്ന് പുതിയ സംഭവവികാസങ്ങളോട് യുക്രെയ്ന്‍ പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കി പ്രതികരിക്കുന്നത്.

Tags:    

Similar News