മലപ്പുറത്തെ പ്ലസ്ടു സീറ്റുകളുടെ അപര്യാപ്തത; അധിക ബാച്ചുകളും പുതിയ ബാച്ചുകളും അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ മേഖലയില്‍ ജില്ല കടുത്ത അസൗകര്യം നേരിടുന്നുവെന്ന് കോടതിക്ക് ബോധ്യമായതിനു പിന്നാലെയാണ് ഇതുസംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്.

Update: 2022-07-07 02:55 GMT

മലപ്പുറം: ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സീറ്റുകളുടെ അപര്യാപ്ത കണക്കിലെടുത്ത് അധിക ബാച്ചുകളും പുതിയ ബാച്ചുകളും അനുവദിക്കാന്‍ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ മേഖലയില്‍ ജില്ല കടുത്ത അസൗകര്യം നേരിടുന്നുവെന്ന് കോടതിക്ക് ബോധ്യമായതിനു പിന്നാലെയാണ് ഇതുസംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്.

മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ ആവശ്യം നിറവേറ്റാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, സി എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ച അപേക്ഷകളുടെ എണ്ണവും വിദ്യാഭ്യാസ മേഖലയിലെ ആവശ്യങ്ങള്‍ വിലയിരുത്താന്‍ ചുമതലപ്പെടുത്തിയ സംസ്ഥാന തല സമിതിയുടെ ഏറ്റവും പുതിയ ശുപാര്‍ശകളും പരിഗണിച്ച് ഇക്കാര്യത്തില്‍ ഉടനടി തീരുമാനമെടുക്കണമെന്നാണ് നിര്‍ദേശം.

മലപ്പുറം ജില്ലയിലെ മൂന്നിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രണ്ടു മാസത്തിനകം സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഷയങ്ങളില്‍ മൂന്ന് അധിക ബാച്ചുകള്‍ അനുവദിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തീര്‍പ്പാക്കിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

Tags:    

Similar News