പീയൂഷ് ഗോയല്‍ അവതരിപ്പിക്കാനൊരുങ്ങുന്നത് സമ്പൂര്‍ണ ബജറ്റ്; ബജറ്റ് ചോര്‍ന്നെന്ന് കോണ്‍ഗ്രസ്

കഴിഞ്ഞ മാസം മൂന്ന് പ്രധാന സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നേരിട്ട വമ്പന്‍ തിരിച്ചടി മറികടക്കാനുള്ള പൊടിക്കൈകളാണ് പീയൂഷ് ഗോയലിന്റെ പെട്ടിയിലുണ്ടാവുക.

Update: 2019-02-01 04:43 GMT

ന്യൂഡല്‍ഹി: ഇടക്കാല ബജറ്റ് എന്ന പതിവ് തെറ്റിച്ച് സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കാനാണ് താല്‍ക്കാലിക ധനമന്ത്രി പീയൂഷ് ഗോയല്‍ ഒരുങ്ങുന്നതെന്ന് സൂചന. മെയില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വമ്പന്‍ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാവുമെന്നാണു സൂചന. കഴിഞ്ഞ മാസം മൂന്ന് പ്രധാന സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നേരിട്ട വമ്പന്‍ തിരിച്ചടി മറികടക്കാനുള്ള പൊടിക്കൈകളാണ് പീയൂഷ് ഗോയലിന്റെ പെട്ടിയിലുണ്ടാവുക.

നോട്ട് നിരോധനത്തിന്റെയും ജിഎസ്ടിയുടെയും ആഘാതം വലിയ തോതില്‍ നേരിടുന്ന കര്‍ഷകര്‍ക്കും, ചെറുകിട വ്യവസായങ്ങള്‍ക്കും ആശ്വാസമേകുന്ന പ്രഖ്യാപനം ബജറ്റില്‍ ഉണ്ടാവും. ആദായ നികുതിയില്‍ ഇളവ്, ചെറുകിട വ്യാപാരങ്ങള്‍ക്ക് അനുകൂലമായ ലോണ്‍ വ്യവസ്ഥകള്‍, കാര്‍ഷിക കടം എഴുതിത്തള്ളല്‍, കടക്കെണിയില്‍ അകപ്പെട്ട കര്‍ഷകര്‍ക്ക് നേരിട്ടുള്ള സഹായം ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും.

വനിതാക്ഷേമത്തിന് കൂടുതല്‍ തുക, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആനൂകൂല്യങ്ങള്‍, ആയുഷ്മാന്‍ ഭാരത്, ഗ്രാമീണ വീട് നിര്‍മാണം തുട്ങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉള്‍ക്കൊള്ളുന്നതായാണ് സൂചന.

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചികില്‍സാര്‍ഥം അമേരിക്കയിലേക്കു പോയതിനെ തുടര്‍ന്നാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കാന്‍ പീയൂഷ് ഗോയല്‍ എത്തുന്നത്.

അതേ സമയം, ബജറ്റിലുള്ള വിവരങ്ങള്‍ ചോര്‍ന്നതായി ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെയാണ് ബജറ്റ് ചോര്‍ത്തിയതെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ആരോപിച്ചു.  

Tags: