ഹിന്ദുത്വ ഇന്ത്യയെ ഓര്‍മിപ്പിക്കുന്ന ആര്യാവര്‍ത്ത; ലെയ്‌ല സീരിയല്‍ ചര്‍ച്ചയാവുന്നു

ആര്യാവര്‍ത്ത എന്ന പേരില്‍ അറിയപ്പെടുന്ന 2040ലെ ഇന്ത്യയാണ് സീരിയലിന്റെ പശ്ചാത്തലം. ജോഷി(സഞ്ജയ് സൂരി) എന്ന ആള്‍ദൈവത്തിനാണ് സമഗ്രാധിപത്യ രാജ്യത്തിന്റെ നിയന്ത്രണം.

Update: 2019-06-15 15:44 GMT

ന്യൂഡല്‍ഹി: പ്രയാഗ് അക്ബറിന്റെ നോവലിനെ അടിസ്ഥാനമാക്കി ദീപ മേത്ത, ശങ്കര്‍ രാമന്‍, പവന്‍ കുമാര്‍ എന്നിവര്‍ സംവിധാനം ചെയ്ത ലെയ്‌ല സീരിയല്‍ നെറ്റ്ഫഌക്‌സില്‍ സംപ്രേക്ഷണം തുടങ്ങി. ആര്യാവര്‍ത്ത എന്ന പേരില്‍ അറിയപ്പെടുന്ന 2040ലെ ഇന്ത്യയാണ് സീരിയലിന്റെ പശ്ചാത്തലം. ജോഷി(സഞ്ജയ് സൂരി) എന്ന ആള്‍ദൈവത്തിനാണ് സമഗ്രാധിപത്യ രാജ്യത്തിന്റെ നിയന്ത്രണം.

കടുത്ത വായുമലിനീകരണവും മാലിന്യക്കൂമ്പാരവും ജലദൗര്‍ലഭ്യവും നേരിടുന്ന ചുറ്റുപാട്. മതത്തിന്റെയും ജാതിയുടെയും അക്ഷരാര്‍ത്ഥത്തിലുള്ള വേലിക്കെട്ടുകളാണ് ഈ സീരിയലിനെ ശ്രദ്ധേയമാക്കുന്നത്. ഓരോ സമുദായവും പ്രത്യേക പ്രദേശത്താണ് ജീവിക്കുന്നത്. ഇവരെ തമ്മില്‍ കൂറ്റന്‍ മതിലുകള്‍ കൊണ്ട് വേര്‍തിരിച്ചിരിക്കുന്നു. സമുദായങ്ങള്‍ തമ്മില്‍ ഏതെങ്കിലും രീതിയില്‍ ബന്ധപ്പെട്ടാല്‍ കടുത്ത ശിക്ഷ ലഭിക്കും.



നിയമം ലംഘിക്കുന്നവരെ കുടുംബത്തില്‍ നിന്ന് വേര്‍പിരിച്ച് ശുദ്ധീകരണ പ്രക്രിയക്കു വേണ്ടിയുള്ള പ്രത്യേക കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കും. ഇവിടെ പ്രത്യേക യൂനിഫോമും രീതികളുമൊക്കെയുണ്ട്. ഏതാണ്ട് സംഘപരിവാര ഘര്‍വാപ്പസി കേന്ദ്രങ്ങളെ ഓര്‍മിപ്പിക്കുന്ന സെറ്റപ്പ്.

ഇത്തരത്തില്‍ നിയമ ലംഘനം നടത്തിയവരില്‍ ഒരാളാണ് ശാലിനി(ഹുമ ഖുറേഷി). റിസ്‌വാന്‍(രാഹുല്‍ ഖന്ന) എന്ന ഒരു മുസ്ലിമിനെ കല്യാണം കഴിച്ചതാണ് കുറ്റം. ഇരുവരുടെയും മകളായ ലൈലയെ ശാലിനിയില്‍ നിന്ന് വേര്‍പിരിച്ചു. തന്റെ മകളെ കണ്ടെത്താന്‍ ശാലിനി നടത്തുന്ന പരിശ്രമങ്ങളും അതോടൊപ്പം വെളിച്ചത്തു വരുന്ന രാഷ്ട്രീയ ഗുഢാലോചനയുമൊക്കെയാണ് സീരിയലിന്റെ ഇതിവൃത്തം.



ആര്യാവര്‍ത്തം ഭരിക്കുന്ന സംഘടന തങ്ങളുടെ ഇംഗിതങ്ങള്‍ നടപ്പാക്കുന്നത് റീപീറ്റേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന ഗുണ്ടാസംഘത്തെ ഉപയോഗിച്ചാണ്. ഇത് ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളെ ഓര്‍മിപ്പിക്കുന്നുണ്ട്. അക്ബറിന്റെ നോവലില്‍ അവ്യക്തമായി പരാമര്‍ശിക്കുന്ന ഇക്കാര്യം സ്‌ക്രീനില്‍ കുറേക്കുടി വിശദമാക്കിയിട്ടുണ്ട്. വിശുദ്ധി വാദം, പുരാതന മൂല്യങ്ങള്‍, സാമൂഹിക ഉഛനീചത്വം തുടങ്ങിയവയിലൂടെ ആര്യാവര്‍ത്തം ഹിന്ദുത്വ തീവ്രവാദികള്‍ നയിക്കുന്ന രാജ്യത്തെ പ്രതിനിധീകരിക്കുന്നു.

ഭാവികാലത്തിലാണ് ലൈല സംഭവിക്കുന്നതെങ്കിലും സമകാലീന ഇന്ത്യയിലേ സംഭവങ്ങളിലേക്കുള്ള നിരവധി സൂചനകള്‍ ഇതില്‍ കാണാം. വിമത ശബ്ദമുയര്‍ത്തുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുക, ബുദ്ധിജീവികളെ അക്രമിക്കുക, അക്രമികളായ റീപ്പീറ്റേഴ്‌സിന് അഴിഞ്ഞാടാന്‍ അവസരം നല്‍കുക തുടങ്ങിയവ സംഘപരിവാര നിയന്ത്രണത്തിലുള്ള ഇന്ത്യയുടെ പരിഛേദമാണ്.

Full View

ശാലിനിയുടെ തെറ്റുതിരുത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച ഭാനു(സിദ്ധാര്‍ഥ്), ശാലിനിയെ സഹായിക്കുന്ന സഹ തടവുകാരി മധു(സീമ ബിശ്വാസ്), ആര്യാവര്‍ത്തയിലെ പ്രധാനപ്പെട്ടൊരു പദ്ധതിക്ക് നേതൃത്വം നല്‍കുന്ന ആര്‍ക്കിടെക്റ്റ് ദീക്ഷിത്(അശ്വത് ഭട്ട്) തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. പിടിക്കപ്പെട്ട ശേഷം ശാലിനിയെ തടവിലിടുന്ന ശുദ്ധീകരണ കാംപിന്റെ മേധാവിയായി എത്തുന്ന ആരിഫ് സക്കരിയയാണ് മറ്റൊരു ശ്രദ്ധേയ കഥാപാത്രം.  

Tags:    

Similar News