ജനിതക മാറ്റം വരുത്തിയ പരുത്തി വിത്തുകൾ ഉപയോഗിച്ചതിന് പന്ത്രണ്ട് കർഷകർക്കെതിരേ കേസ്

പരിസ്ഥിതി സംരക്ഷണ നിയമം, വിത്ത് സംരക്ഷണ നിയമ വകുപ്പുകൾ ചുമത്തിയാണ് പോലിസ് നടപടി. വിദഗ്ദ്ധ പരിശോധനകൾക്ക് ശേഷം മാത്രമേ ജനിതക മാറ്റം വരുത്തിയ വിത്തുകൾ ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകാറുള്ളൂ

Update: 2019-06-26 12:28 GMT

മുംബൈ: ജനിതക മാറ്റം വരുത്തിയ പരുത്തി വിത്തുകൾ ഉപയോഗിച്ചതിന് പന്ത്രണ്ട് കർഷകർക്കെതിരേ കേസ്. ജനിതക മാറ്റം വരുത്തിയ പരുത്തി, വഴുതിന വിത്തുകൾ ഉപയോഗിക്കുന്നത് കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. ഇതിനെതിരേ പ്രതിഷേധ സൂചകമായാണ് കർഷകർ വിത്തുകൾ പാകിയത്.

മഹാരാഷ്ട്രയിലെ അഡ്‌ഗാവ്‌, അകോലി ജഹാംഗീർ ഗ്രാമങ്ങളിലെ കർഷകർക്കെതിരെയാണ് സർക്കാർ നടപടി. കിഴക്കൻ മഹാരാഷ്ട്രയിലെ നിരവധി കർഷകരാണ് ശേത്കാരി സംഘടനയുടെ നേതൃത്വത്തിൽ ബിടി പരുത്തി, വഴുതിന വിത്തുകൾ പാകിയത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയിലാണ് പോലിസ് കേസെടുത്തിരിക്കുന്നത്.

പരിസ്ഥിതി സംരക്ഷണ നിയമം, വിത്ത് സംരക്ഷണ നിയമ വകുപ്പുകൾ ചുമത്തിയാണ് പോലിസ് നടപടി. വിദഗ്ദ്ധ പരിശോധനകൾക്ക് ശേഷം മാത്രമേ ജനിതക മാറ്റം വരുത്തിയ വിത്തുകൾ ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകാറുള്ളൂ. എന്നാൽ അത്തരത്തിൽ പരിശോധനകൾ ഒന്നും നടത്താതെയാണ് കർഷകർ വിത്ത് ഉപയോഗിച്ചതെന്ന് പോലിസ് പറയുന്നു. 

Tags:    

Similar News