ഹരിയാനയില്‍ 'ഗോ രക്ഷക്' വെടിയേറ്റു മരിച്ചു

സംഭവത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പശുക്കടത്തുമായി കൊലപാതകത്തിനു ബന്ധമൊന്നും കണ്ടെത്താനായിട്ടില്ലെന്നും പല്‍വാല്‍ പോലിസ് സൂപ്രണ്ട് നരേന്ദ്ര ബിജാര്‍നിയ പറഞ്ഞു

Update: 2019-07-31 16:51 GMT

ന്യൂഡല്‍ഹി: പശുക്കടത്ത് ആരോപിച്ച് ആക്രമണം നടത്തുന്ന സംഘാംഗം വെടിയേറ്റു മരിച്ചു. ഹരിയാനയിലെ പല്‍വാല്‍ ജില്ലയിലെ ഗോപാല്‍(35) ആണ് കൊല്ലപ്പെട്ടത്. എന്നാല്‍ സംഭവത്തിനു പശുക്കടത്തുമായി ബന്ധമില്ലെന്ന് പോലിസ് അറിയിച്ചു. പശുക്കടത്തും പശുമോഷണവും ആരോപിച്ച് അക്രമം നടത്തുകയും വാഹനങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്ന ഗോരക്ഷക് എന്ന പ്രാദേശിക സംഘത്തിലെ സജീവപ്രവര്‍ത്തകനായ ഗോപാല്‍ തിങ്കളാഴ്ച വൈകീട്ടാണ് കൊല്ലപ്പെട്ടത്. സംഭവത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പശുക്കടത്തുമായി കൊലപാതകത്തിനു ബന്ധമൊന്നും കണ്ടെത്താനായിട്ടില്ലെന്നും പല്‍വാല്‍ പോലിസ് സൂപ്രണ്ട് നരേന്ദ്ര ബിജാര്‍നിയ പറഞ്ഞു. പല്‍വാല്‍ ജില്ലയിലെ ഹോദാലിനെയും നൂഹിനെയും ബന്ധിപ്പിക്കുന്ന 42 കിലോമീറ്റര്‍ അകലെയുള്ള ഹോദാല്‍-നൂഹ് ദേശീയപാതയിലാണ് സംഭവം.

    എന്നാല്‍, ഗോരക്ഷാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഗോപാലിനോട് പശുക്കടത്ത് സംഘത്തിന് വൈരാഗ്യമുണ്ടെന്നും വൈകീട്ടാണ് അവന്‍ വെടിയേറ്റു മരിച്ചെന്ന വിവരം ലഭിച്ചതെന്നും മൂത്ത സഹോദരന്‍ ജാല്‍വിര്‍ പോലിസിന്റെ എഫ്‌ഐആറിനെ ഉദ്ദരിച്ച് പറഞ്ഞു. വീട്ടിലെത്തിയപ്പോള്‍ ഗോപാലിന്റെ സ്വകാര്യ ഭാഗങ്ങളില്‍ വെടിയേറ്റതിനെ തുടര്‍ന്ന് രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പശുസംരക്ഷണത്തിനു വേണ്ടി ഹരിയാന സര്‍ക്കാര്‍ 2015ലെ നിയമം ഭേദഗതി ചെയ്ത് മാസങ്ങള്‍ക്കുള്ളിലാണ് സംഭവം. പശുക്കളെയോ മാടുകളെയോ കൊണ്ടുപോവുന്ന വാഹനങ്ങള്‍ പരിശോധിക്കാനുള്ള അധികാരം പോലിസ് ഉദ്യോഗസ്ഥര്‍ക്കു മാത്രമാക്കിയാണ് നിയമം ഭേദഗതി ചെയ്തത്. രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടക്കൊല നടത്തിയാല്‍ വധശിക്ഷ ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷകള്‍ ഉറപ്പാക്കുന്ന നിയമം ഈയിടെ കൊണ്ടുവന്നിരുന്നു.




Tags:    

Similar News