ബിഹാറില്‍ മസ്തിഷ്‌ക രോഗം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 67; വില്ലന്‍ ലിച്ചിപ്പഴമാകാമെന്ന് വിദഗ്ധര്‍

52 കുട്ടികള്‍ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിലും 15 പേര്‍ കെജ്‌റിവാള്‍ ഹോസ്പിറ്റലിലുമാണ് മരിച്ചത്.

Update: 2019-06-14 15:32 GMT

മുസഫര്‍പൂര്‍: ബിഹാറിലെ മുസഫര്‍പൂരില്‍ കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ കടുത്ത മസ്തിഷ്‌ക രോഗം(അക്യൂട്ട് എന്‍സെഫലൈറ്റിസ് സിന്‍ഡ്രോം) ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 67 ആയി. 52 കുട്ടികള്‍ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിലും 15 പേര്‍ കെജ്‌റിവാള്‍ ഹോസ്പിറ്റലിലുമാണ് മരിച്ചത്.

അതേ സമയം, ലിച്ചിപ്പഴത്തില്‍ നിന്നുമുള്ള വിഷാംശമാകാം കുട്ടികളില്‍ മാരകമായ മസ്തിഷ്‌ക രോഗത്തിനും മരണത്തിനും ഇടയാക്കിയതെന്ന് വിദഗ്ധരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. കുട്ടികള്‍ക്ക് വെറും വയറ്റില്‍ ലിച്ചി നല്‍കരുതെന്ന് ആരോഗ്യവകുപ്പ് വിദഗ്ധര്‍ രക്ഷിതാക്കള്‍ക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പാകമാകാത്ത ലിച്ചിപ്പഴങ്ങള്‍ ഭക്ഷിക്കരുതെന്നും മുന്നറിയിപ്പുണ്ട്. കുട്ടികള്‍ പ്രഭാത ഭക്ഷണം കഴിക്കാതെ ലിച്ചിപ്പഴം വിഴുങ്ങിയിട്ടുണ്ടെങ്കില്‍ ഉറങ്ങുന്നതിന് മുമ്പ് നന്നായി ഭക്ഷണം കഴിപ്പിക്കണമെന്ന് സിവില്‍ സര്‍ജന്‍ എസ് പി സിങ് പറഞ്ഞു. മുസഫര്‍പൂരിലും ബിഹാറിലെ സമീപപ്രദേശങ്ങളിലും ധാരാളമായി കണ്ടുവരുന്ന ലിച്ചിയില്‍ അടങ്ങിയിട്ടുള്ള ഒരു വിഷവസ്തു കുട്ടികളില്‍ കണ്ടുവരുന്ന മസ്തിഷ്‌ക രോഗത്തിന്(എഇഎസ്) കാരണമായിട്ടുണ്ടാവാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഇരകളില്‍ ഭൂരിഭാഗവും ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ഇവര്‍ രാവിലെ മുതല്‍ തന്നെ ലിച്ചി തോട്ടത്തില്‍ അലഞ്ഞു നടക്കുകയും ലിച്ചിപ്പഴങ്ങള്‍ പെറുക്കിത്തിന്നുകയും ചെയ്യാറുണ്ട്. മറ്റു ഭക്ഷണമൊന്നും കഴിക്കാതെ അമിതമായി ലിച്ചി കഴിക്കുന്നത് തലച്ചോറിനെ ബാധിക്കുമെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. ലിച്ചിയില്‍ അടങ്ങിയിട്ടുള്ള മെഥിലിന്‍ സിക്ലോപ്രോപ്പില്‍ ഗ്ലൈസിന്‍ എന്ന രാവസവസ്തു ഭക്ഷണം കഴിക്കാത്തതു മൂലം ശരീരത്തിലെ പഞ്ചസാരയുടെ അളവ് താഴ്ന്നിരിക്കുന്ന അവസ്ഥയില്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതു കൊണ്ടാണിത്.



കാര്യങ്ങള്‍ തങ്ങള്‍ സസൂക്ഷ്മം പഠിച്ചുവരികയാണെന്ന് ബിഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ടെ പറഞ്ഞു. ഒരു പ്രൊഫസറും മൂന്ന് അസോസിയേറ്റ് പ്രൊഫസര്‍മാരും നാല് അസിസ്റ്റന്റ് പ്രൊഫസര്‍മാരുമുള്‍പ്പെട്ട സംഘത്തെ കുട്ടികളുടെ കാര്യങ്ങള്‍ നോക്കാനായി നിയോഗിച്ചിട്ടുണ്ട്. രണ്ട് ആശുപത്രികളിലും കൂടുതല്‍ ബെഡ്ഡുകള്‍ ഒരുക്കും.

ഹൈപ്പോഗ്ലൈസീമിയ(രക്തത്തില്‍ ഗ്ലൂക്കോസ് കുറയുക), ഡിസെലെക്ട്രോലിറ്റീമിയ, ചിക്കന്‍പോക്‌സ്, ജപ്പാന്‍ ജ്വരം തുടങ്ങിവയവ ഒരുമിച്ച് വരുന്ന അവസ്ഥയാണ് എഇഎസ്. വേനല്‍ക്കാലത്ത് മുസഫര്‍പൂരിലും പരിസരങ്ങളിലും എഇഎസ് പടര്‍ന്നുപിടിക്കുക പതിവാണ്. പ്രധാനമായും 15 വയസില്‍ താഴെയുള്ള കുട്ടികളെയാണ് ഇത് ബാധിക്കുക.

കടുത്ത് ചൂട്, ഹ്യുമിഡിറ്റി, വരള്‍ച്ച എന്നിവ മൂലമുള്ള ഹൈപ്പോഗ്ലൈസീമിയ കാരണമാണ് ഇത്തവണ കൂടുതല്‍ മരണങ്ങളും സംഭവിച്ചതെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. കുട്ടികളെ വെയിലത്ത് കളിക്കാന്‍ വിടരുതെന്നും കാലിവയറോടെ ഉറക്കരുതെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ഉറങ്ങാന്‍ പോകുന്ന സമയത്ത് പഞ്ചസാരയിട്ട നാരങ്ങാ വെള്ളമോ ഒആര്‍എസോ നല്‍കിയാല്‍ ഹൈപ്പോഗ്ലൈസീമിയ ഒഴിവാക്കാമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.  

Tags:    

Similar News