ഡല്‍ഹിയില്‍ എന്‍എസ്എ നടപ്പാക്കിയത് പൗരത്വ സമരത്തെ അടിച്ചമര്‍ത്താന്‍: പോപുലര്‍ഫ്രണ്ട്

ജാമിയ മില്ലിയ ഇസ്ലാമിയ, ജുമാ മസ്ജിദ്, ശഹീന്‍ ബാഗ്, ജന്തര്‍ മന്തര്‍ തുടങ്ങിയ തലസ്ഥാനത്തെ നിരവധി സ്ഥലങ്ങളില്‍ പ്രതിഷേധം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കെ ഇതില്‍ പങ്കെടുക്കുന്നവര്‍ക്കെതിരേ എന്‍എസ്എ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണ്.

Update: 2020-01-18 16:42 GMT

ന്യൂഡല്‍ഹി: ഈ മാസം 19 മുതല്‍ മൂന്ന് മാസത്തേക്ക് ഡല്‍ഹിയില്‍ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) ഏര്‍പ്പെടുത്താനുള്ള ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഉത്തരവിനെ അപലപിച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍. ദേശീയ സുരക്ഷയുടെ പേരില്‍ ഭരണഘടനാ അവകാശ നിഷേധങ്ങള്‍ നിയമവിധേയമാക്കുന്ന കരിനിയമമാണ് എന്‍എസ്എ.

കേവലം സംശയത്തിന്റെ പേരില്‍ വ്യക്തികളെ കോടതിയില്‍ ഹാജരാക്കുകകയോ ജാമ്യം നല്‍കുകയോ ചെയ്യാതെ 12 മാസത്തോളം കസ്റ്റഡിയില്‍ വയ്ക്കാന്‍ പോലിസിന് അമിതാധികാരം നല്‍കുന്നതാണ് ഈ നിയമം. ഡല്‍ഹിയില്‍ ഇപ്പോള്‍ ഈ നിയമം തിടുക്കപ്പെട്ട് നടപ്പാക്കിയത് കടുത്ത ആശങ്കയുളവാക്കുന്നതാണ്. ഇത്തരത്തിലുള്ള കിരാത നടപടികളെ ന്യായീകരിക്കാന്‍ തക്ക ഒരു സാഹചര്യവും സംസ്ഥാനത്ത് നിലനില്‍ക്കുന്നിരിക്കെ പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കും എതിരായി നടക്കുന്ന ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരും ഡല്‍ഹി പോലിസും എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്.

സര്‍ക്കാര്‍ നയത്തിനെതിരേ ജനാധിപത്യപരമായി പ്രതിഷേധിച്ചതിന് വിദ്യാര്‍ത്ഥികള്‍ക്കെതിരേപോലും ഡല്‍ഹി പോലിസ് ആക്രമം അഴിച്ചുവിടുകയും ശത്രുക്കളോടെന്നപോലെ പെരുമാറുകയും ചെയ്തു. ജാമിയ മില്ലിയ ഇസ്ലാമിയ, ജുമാ മസ്ജിദ്, ശഹീന്‍ ബാഗ്, ജന്തര്‍ മന്തര്‍ തുടങ്ങിയ തലസ്ഥാനത്തെ നിരവധി സ്ഥലങ്ങളില്‍ പ്രതിഷേധം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കെ ഇതില്‍ പങ്കെടുക്കുന്നവര്‍ക്കെതിരേ എന്‍എസ്എ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണ്.

ഫെബ്രുവരിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനപിന്തുണയില്‍ വന്‍ ഇടിവ് നേരിടുന്ന ബിജെപി തങ്ങളുടെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ ഈ നിയമം ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ട്. ചുരുക്കത്തില്‍, ദേശീയ സുരക്ഷയുടേയും ക്രമസമാധാനത്തിന്റെയും പേരില്‍ ജനാധിപത്യ വിയോജിപ്പുകള്‍ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് ഡല്‍ഹിയില്‍ നടപ്പാക്കിയ എന്‍എസ്എ. ഇക്കാര്യം ഗൗരവമായികണ്ട് ഈ നീക്കത്തിനെതിരെ മുഴുവന്‍ ജനങ്ങളും പാര്‍ട്ടികളും രംഗത്ത് വരണമെന്ന് പോപുലര്‍ഫ്രണ്ട് നാഷണല്‍ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു.

Tags:    

Similar News