പിഎസ് സി പരീക്ഷയിലെ ആള്‍മാറാട്ടം; പ്രതികളായ സഹോദരങ്ങള്‍ കോടതിയില്‍ കീഴടങ്ങി

Update: 2024-02-09 14:24 GMT

തിരുവനന്തപുരം: പിഎസ് സി പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം നടത്തിയ കേസില്‍ പ്രതികളായ സഹോദരങ്ങള്‍ കോടതിയില്‍ കീഴടങ്ങി. തിരുവനന്തപുരം നേമം സ്വദേശികളായ അമല്‍ ജിത്ത്, അഖില്‍ ജിത്ത് എന്നിവരാണ് അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. മുഖ്യപ്രതിയായ അമല്‍ജിത്തിന് വേണ്ടി സഹോദരന്‍ അഖില്‍ ജിത്ത് ആള്‍മാറാട്ടം നടത്തിയെന്നാണ് പോലിസ് സംശയം. പരിശോധനയ്ക്കിടെ പരീക്ഷാര്‍ഥി ഇറങ്ങിയോടിയതോടെയാണ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് അമല്‍ജിത്തിലേക്ക് അന്വേഷണം നീണ്ടതോടെ സഹോദരനും ഇയാളും മുങ്ങിയിരുന്നു.

    കേരളാ സര്‍വകലാശാലയുടെ ലാസ്റ്റ് ഗ്രേഡ് പരീക്ഷയ്ക്കിടെ പിഎസ് സി വിജിലന്‍സ് വിഭാഗം ബയോ മെട്രിക് മെഷീനുമായി പരിശോധനക്കെത്തിയപ്പോഴാണ് പരീക്ഷാര്‍ഥി ഹാളില്‍ നിന്നു ഇറങ്ങിയോടിയത്. മതില്‍ചാടി രക്ഷപ്പെട്ട പ്രതിപുറത്ത് കാത്തിരുന്നയാളുടെ ബൈക്കിലാണ് രക്ഷപ്പെട്ടത്. വാഹനം അമല്‍ജിത്തിന്റേതാണെന്ന് പ്രാഥമികാന്വേഷണത്തില്‍ തന്നെ ബോധ്യപ്പെട്ടിരുന്നു. അമല്‍ ജിത്തിനുവേണ്ടി മറ്റാരോ പരീക്ഷയെഴുതാന്‍ ശ്രമിച്ചതെന്നായിരുന്നു പോലിസ് സംശയം. ഇന്നലെ ഇദ്ദേഹത്തിന്റെ വീട്ടില്‍ പരിശോധന നടത്തിയിപ്പോഴാണ് സഹോദരന്‍ അഖില്‍ ജിത്തും മുങ്ങിയെന്ന് മനസ്സിലായത്. ഇതോടെയാണ് സഹോദരങ്ങളാണ് പ്രതികളെന്ന നിഗമനത്തിലെത്തിയത്. ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താലേ വിശദാംശങ്ങള്‍ പുറത്തുവരുകയുള്ളൂവെന്നാണ് പോലിസ് പറയുന്നത്. പൂജപ്പുര പോലിസ് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കും.

Tags:    

Similar News