ഐഐടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ പ്രതിഷേധം; കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരായ എഫ്‌ഐആര്‍ മദ്രാസ് ഹൈക്കോടതി റദ്ദാക്കി

Update: 2022-03-09 10:47 GMT

ചെന്നൈ: കോളജ് അധികൃതരുടെ നടപടികളെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫിന് നീതി തേടി മദ്രാസ് ഐഐടിക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ഭാരവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. 2019 നവംബറില്‍ ഹോസ്റ്റല്‍ മുറിയില്‍ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച ഒന്നാം വര്‍ഷ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യാ കുറിപ്പില്‍ ഐഐടി അധ്യാപകനെതിരേ പരാമര്‍ശമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ഐഐടിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രതിഷേധത്തിനിടെ ഒരു അക്രമവും ഉണ്ടായിട്ടില്ലെന്നും അനിഷ്ട സംഭവങ്ങളൊന്നും നടന്നിട്ടില്ലെന്നും നിരീക്ഷിച്ച ജസ്റ്റിസ് എ ഡി ജഗദീഷ് ചന്ദിരയുടെ സിംഗിള്‍ ബെഞ്ച് പ്രതിഷേധക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കുകയായിരുന്നു.

'ഈ കേസില്‍ ഒരു നിയമ ലംഘനവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, പ്രതിഷേധം ഒരു അക്രമത്തിലും കലാശിച്ചിട്ടില്ല. അതിനാല്‍, 2020 ലെ CCNo.2962 ലെ ഹരജിക്കാര്‍ക്കെതിരായ തുടര്‍നടപടികള്‍ തീര്‍പ്പാക്കാത്തതായി ഈ കോടതി പരിഗണിക്കുന്നു.

പ്രതിഷേധത്തില്‍ അനിഷ്ടമോ ക്രിമിനല്‍ നടപടികളോ ഉണ്ടായിട്ടില്ലെങ്കില്‍, എഫ്‌ഐആറിന്റെ തുടര്‍ച്ച ആവശ്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കാംപസ് ഫ്രണ്ടിന്റെ നാല് ഭാരവാഹികള്‍ക്കും കണ്ടാലറിയാവുന്ന 96 പ്രവര്‍ത്തകര്‍ക്കുമെതിരേയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. മുന്‍കരുതലിന്റെ ഭാഗമായാണ് ഹരജിക്കാരെ അറസ്റ്റ് ചെയ്ത് കോട്ടൂര്‍പുരം പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയതെന്നും എഫ്‌ഐആറില്‍ പറയുന്നു. പ്രതിഷേധക്കാരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു.

മദ്രാസ് ഐഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ 2019 നവംബറിലാണ് കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്തത്. അധ്യാപകരുടെ മാനസിക പീഡനം മൂലമാണു പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണു കുടുംബത്തിന്റെ ആരോപണം. കുറ്റക്കാരായ അധ്യാപകരെ സംരക്ഷിക്കുന്ന നിലപാടാണു തമിഴ്‌നാട് പോലിസ് സ്വീകരിക്കുന്നത്. ഐഐടിയിലേക്കുള്ള പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയാണു ഫാത്തിമ ലത്തീഫ് വിജയിച്ചത്.

2018ല്‍ മദ്രാസ് ഐഐടിയില്‍ കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി ഉള്‍പ്പെടെ 6 വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയിരുന്നു. അതിനു മുന്‍പു 2 വര്‍ഷങ്ങളിലായി 7 വിദ്യാര്‍ഥികളാണിങ്ങനെ മരിച്ചത്. ചില അധ്യാപകരുടെ ഭാഗത്തുനിന്നുള്ള പീഡനമാണു കാരണമെന്ന് അബ്ദുല്‍ ലത്തീഫ് ആരോപിച്ചു.

Tags: