ജമ്മു കശ്മീരിലെ സ്ഥിതി ഭയാനകം; അടിസ്ഥാന പൗരാവകാശം പോലും നിഷേധിക്കുന്നുവെന്നും തരിഗാമി

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 'തീവ്രവാദ' വിരുദ്ധ ക്യാംപുകള്‍ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. അവ എവിടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കണം. 'തീവ്രവാദ' വിരുദ്ധ നീക്കം ഒരു മതവുമായി മാത്രം ബന്ധപ്പെട്ടതാവാന്‍ പാടില്ലെന്നും മറ്റ് മതങ്ങളിലും ഇത് നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.'തീവ്രവാദ' വിരുദ്ധ ക്യാംപുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന ചീഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ജനറല്‍ ബിപിന്‍ റാവത്തിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Update: 2020-01-18 16:14 GMT

തിരുവനന്തപുരം: ഭരണഘടയുടെ ആര്‍ട്ടിക്കിള്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷമുള്ള ജമ്മു കശ്മീരിലെ സ്ഥിതി ഭയാനകമാണെന്നും ജനങ്ങള്‍ക്ക് അടിസ്ഥാന പൗരാവകാശം പോലും നിഷേധിക്കുകയാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം യൂസഫ് തരിഗാമി. വിളപ്പില്‍ശാലയില്‍ നടക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനെത്തിയപ്പോഴാണ് ജമ്മു കശ്മീരില്‍ ഭരണകൂടം നടത്തിവരുന്ന ഞെട്ടിപ്പിക്കുന്ന അടിച്ചമര്‍ത്തലുകളെക്കുറിച്ച് പാര്‍ട്ടിയുടെ ജമ്മു കശ്മീരിലെ ഏക എംഎല്‍എ കൂടിയായ തരിഗാമി വെളിപ്പെടുത്തിയത്. 370 റദ്ദാക്കുക വഴി രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം ആക്രമിക്കപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനയെ അട്ടിമറിച്ചതായും രാജ്യത്തെ ജനങ്ങളെയാകെ സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചാതായും അദ്ദേഹം പറഞ്ഞു.

ജമ്മുവിലെയും കശ്മീരിലെയും ജനങ്ങള്‍ക്ക് രാജ്യത്തെ മറ്റു പ്രദേശവുമായുള്ള ഐക്യത്തിന്റെ അടിത്തറയാണ് കേന്ദ്ര സര്‍ക്കാര്‍ തകര്‍ത്തത്. അവിടത്തെ ജനങ്ങളെ അപമാനിച്ചു. ജനങ്ങള്‍ക്ക് അടിസ്ഥാന പൗരാവകാശം പോലും നിഷേധിച്ചു. രാഷ്ട്രീയ നേതാക്കളെ കസ്റ്റഡിയില്‍ എടുത്തു. തെരുവുകളില്‍ എവിടെയും ഇപ്പോഴും സൈന്യവും പോലിസുമാണ്. മാധ്യമ പ്രവര്‍ത്തകരെ വിവരങ്ങള്‍ നേരിട്ട് ലഭിക്കാത്ത വിധം തടഞ്ഞു. ഇങ്ങനെയാണോ ജനാധിപത്യം സംരക്ഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

താഴ്‌വരയിലെ കച്ചവടവും കൃഷിയും തകര്‍ന്നു. ആപ്പിള്‍ കച്ചവടക്കാരുടെ നഷ്ടം 1000 കോടിയാണെന്ന് പറയുന്നു. ഇപ്പോള്‍ 36 കേന്ദ്ര മന്ത്രിമാര്‍ അവിടേക്ക് വരികയാണ്. 31 പേരും ജമ്മുവിലേക്കാണ്. 5 പേര്‍ കശ്മീരിലേക്ക്. ലഡാക്കിലേക്ക് ആരും വരുന്നില്ല.

രാജ്യത്തെ മുതിര്‍ന്ന നേതാക്കള്‍ കശ്മീരിലെ ജനങ്ങളുമായി സംസാരിക്കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ ഭയപ്പെടുകയാണ്. കേന്ദ്ര സര്‍ക്കാര്‍ കശ്മീരിനെ പറ്റി കള്ളം പ്രചരിപ്പിക്കരുത്. നിയന്ത്രണങ്ങള്‍ എടുത്തു മാറ്റാനും തടവിലുള്ള നേതാക്കളെ മോചിപ്പിക്കാനും നരേന്ദ്ര മോദി തയ്യാറാകണം. ഭരണഘടനയും ഫെഡറലിസവും അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിന് ചില ഗവര്‍ണര്‍മാര്‍ കൂട്ടുനില്‍ക്കുകയാണെന്നും കേരളത്തില്‍ ഇത് കൂടുതല്‍ പ്രകടമാക്കുന്നതേയുള്ളു എന്നും തരിഗാമി പറഞ്ഞു.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 'തീവ്രവാദ' വിരുദ്ധ ക്യാംപുകള്‍ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. അവ എവിടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കണം. 'തീവ്രവാദ' വിരുദ്ധ നീക്കം ഒരു മതവുമായി മാത്രം ബന്ധപ്പെട്ടതാവാന്‍ പാടില്ലെന്നും മറ്റ് മതങ്ങളിലും ഇത് നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.'തീവ്രവാദ' വിരുദ്ധ ക്യാംപുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന ചീഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ജനറല്‍ ബിപിന്‍ റാവത്തിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Tags:    

Similar News