കല്ലാച്ചിയില്‍ ഐഇഡി മോഡല്‍ ബോംബ് കണ്ടെടുത്തു

സമീപകാലത്തായി ഇതു മൂന്നാംതവണയാണ് മേഖലയില്‍ നിന്ന് ഐഇഡി മോഡല്‍ ബോംബ് കണ്ടെടുക്കുന്നത്

Update: 2019-07-27 06:51 GMT

നാദാപുരം: കല്ലാച്ചി ടൗണ്‍ പരിസരത്തെ റോഡരികില്‍നിന്ന് ഐഇഡി മാതൃകയിലുള്ള ബോംബ് കണ്ടെടുത്തു. ശനിയാഴ്ച രാവിലെ 10ഓടെ സ്‌കൂളിലേക്കു പോവുകയായിരുന്ന വിദ്യാര്‍ഥികളാണ് ബോംബ് കണ്ടെത്തിയത്. രണ്ടു പിവിസി പൈപ്പും സര്‍ക്യൂട്ട് ബോര്‍ഡും ഘടിപ്പിച്ച നിലയിലുണ്ടായിരുന്ന ബോംബിനെ ഇരുഭാഗത്തും സെല്ലോ ടേപ്പ് കൊണ്ട് വരിഞ്ഞിരുന്നു. സമീപകാലത്തായി ഇതു മൂന്നാംതവണയാണ് മേഖലയില്‍ നിന്ന് ഐഇഡി മോഡല്‍ ബോംബ് കണ്ടെടുക്കുന്നത്. നേരത്തേ ആര്‍എസ്എസ് ഓഫിസില്‍നിന്നും സംഘപരിവാര നിയന്ത്രണത്തിലുള്ള ഭജനമഠത്തില്‍ നിന്നുമാണ് ഐഇഡി മോഡല്‍ ബോംബ് കണ്ടെടുത്തിരുന്നത്. വിവരമറിഞ്ഞ് നാദാപുരം സബ് ഡിവിഷനല്‍ ഡി വൈഎസ്പി ജി സാബുവിന്റെ നേതൃത്വത്തിലെത്തിയ പോലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് കസ്റ്റഡിയിലെടുത്തു. നേരത്തേ 2017ലും മേഖലയില്‍ നിന്ന് ഐഇഡി മോഡല്‍ ബോംബുകള്‍ കണ്ടെടുത്തിരുന്നു.



Tags: