ആക്രമണം ജയ്‌ഷെ ക്യാംപില്‍; കൊല്ലപ്പെട്ടത് 300 പേര്‍? വര്‍ഷിച്ചത് 1000 കിലോ ബോംബ്
നിയന്ത്രണ രേഖക്ക് അപ്പുറത്തുള്ള ബാലെക്കോട്ട്, ചക്കോത്തി, മുസാഫറാബാദ് എന്നിവിടങ്ങളിലെ സായുധ കേന്ദ്രങ്ങളും ജയ്‌ഷെ മുഹമ്മദിന്റെ കണ്‍ട്രോള്‍ റൂമുകളും ഇന്ത്യന്‍ വ്യോമസേന തകര്‍ത്തു
ന്യൂഡല്‍ഹി/ ഇസ്ലാമാബാദ്: പുല്‍വാമയില്‍ 40ല്‍ അധികം സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവനെടുത്ത ആക്രമണത്തിന് ശക്തമായ മറുപടി നല്‍കി ഇന്ത്യ പാകിസ്താനില്‍ കടന്നു കയറി ആക്രമണം നടത്തി. പാക് അധീനകശ്മീരിലെയും പാകിസ്താനിലേയും സായുധ താവളം ആക്രമിച്ചാണ് ഇന്ത്യ തിരിച്ചടിച്ചത്. പുലര്‍ച്ചെ 3.30നാണ് ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത്. പാക് അധീന കശ്മീരിനപ്പുറത്തെ സായുധ കേന്ദ്രങ്ങള്‍ പൂര്‍ണമായി തകര്‍ത്തുവെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു
ആക്രമണത്തില്‍ പങ്കെടുത്തത് 12 മിറാഷ് യുദ്ധവിമാനങ്ങള്‍
12 മിറാഷ് യുദ്ധവിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. ആക്രമിച്ചതില്‍ ബാലാകോട്ടിലെ ജയ്‌ഷെ മുഹമ്മദ് താവളവും ഉള്‍പ്പെടുന്നുണ്ടെന്നാണ് സൂചന. മൂന്നിടങ്ങളിലാണ് ആക്രമണം നടന്നത്. നിയന്ത്രണ രേഖക്ക് അപ്പുറത്തുള്ള ബാലെക്കോട്ട്, ചക്കോത്തി, മുസാഫറാബാദ് എന്നിവിടങ്ങളിലെ സായുധ കേന്ദ്രങ്ങളും ജയ്‌ഷെ മുഹമ്മദിന്റെ കണ്‍ട്രോള്‍ റൂമുകളും ഇന്ത്യന്‍ വ്യോമസേന തകര്‍ത്തതായാണ് റിപോര്‍ട്ട്
വര്‍ഷിച്ചത് 1000 കിലോ സ്‌ഫോടകവസ്തുക്കള്‍
1000 കിലോ സ്‌ഫോടകവസ്തുവാണ് താവളങ്ങളില്‍ ഇന്ത്യ വര്‍ഷിച്ചത്. മുന്നോറോളം പേരെ വധിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചുവെന്ന് പാക് കരസേനാ വക്താവ്
പുല്‍വാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചെന്ന ആരോപണവുമായി പാകിസ്താന്‍. പുലര്‍ച്ചെ നാലു മണിക്ക് മുസാഫറാബാദിലെ നിയന്ത്രണരേഖയില്‍ വ്യോമസേനാ വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചെന്നാണ് പാക് അധികൃതര്‍ പറയുന്നത്. പാക് കരസേനാ വക്താവ് മേജര്‍ ആസിഫ് ഗഫൂര്‍ ട്വിറ്ററിലൂടെയാണ് ആരോപണം ഉന്നയിച്ചത്. തിരിച്ചടി തുടങ്ങിയതോടെ വിമാനങ്ങള്‍ തിരിച്ചുപറന്നെന്നും പാക്കിസ്ഥാന്‍ വക്താവ് അവകാശപ്പെട്ടു.തിരിച്ചു പോകുമ്പോള്‍ ഇന്ത്യന്‍ വിമാനത്തില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ താഴെ വീണു. ബലാകോട്ടിലാണ് വീണതെന്നും ആളപായമോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്നും പാക് അധികൃതര്‍ പറയുന്നു.
ഇന്ത്യന്‍സൈന്യം അതീവ ജാഗ്രതയില്‍
ഇന്ത്യന്‍ അതിര്‍ത്തിയിലെയും നിയന്ത്രണ രേഖയിലേയും എല്ലാ പ്രതിരോധ സംവിധാനങ്ങളും അതീവ ജാഗ്രതയില്‍. പാക് വ്യോമസേന തിരിച്ചടിക്കാനുള്ള സാധ്യത കണക്കിലെടുത്താണിത്. അതേസമയം, അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പാകിസ്താന്‍ സൈന്യം വ്യക്തമാക്കി.
പാക് വ്യോമസേനയുടെ ഇല്യൂഷിന്‍ ഐഎല്‍ ഏരിയല്‍ റിഫ്യൂലിങ് ടാങ്കര്‍ വായുവില്‍ ഉയര്‍ന്നു
ഇന്ത്യന്‍ വ്യോമസേന പാകിസ്താന്‍ അതിര്‍ത്തി കടന്ന് ആക്രമിച്ചതോടെ പാക് വ്യോമസേനയുടെ ഇല്യൂഷിന്‍ ഐഎല്‍ ഏരിയല്‍ റിഫ്യൂലിങ് ടാങ്കര്‍ വായുവില്‍ ഉയര്‍ന്നു. വിമാനങ്ങള്‍ക്ക് അന്തരീക്ഷത്തില്‍ വെച്ച് ഇന്ധനം നിറക്കാനുള്ള സൗകര്യമാണിത്.
ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും ഉന്നതതല യോഗം ചേരുന്നു. പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി അടിയന്തിര യോഗം വിളിച്ചു ചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. നേരത്തേ പ്രധാനമന്ത്രി ഇംറാന്‍ ഖാനും യോഗം വിളിച്ചു ചേര്‍ത്തിരുന്നു.

