അസം പൗരത്വ രജിസ്റ്റര്‍: പരിഭ്രാന്തരായി ബംഗാളി ഹിന്ദു അഭയാര്‍ഥികളും

1971ന് മുമ്പ് ഇന്ത്യയിലെത്തിയവര്‍ പൗരത്വ പട്ടികയില്‍ ഇടംപിടിക്കുമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും തങ്ങള്‍ പട്ടികയ്ക്കു പുറത്താണെന്ന് ഇവര്‍ വേദനയോടെ പറയുന്നു.

Update: 2019-09-03 15:04 GMT

ഗുവാഹത്തി: അസം പൗരത്വ രജിസ്റ്ററിന്റെ (എന്‍ആര്‍സി) അന്തിമ പട്ടികയില്‍നിന്നു പുറത്തായ 19 ലക്ഷം പേരില്‍ ഭൂരിപക്ഷവും ബംഗാളി ഹിന്ദു അഭയാര്‍ഥികളാണ്. ബംഗ്ലാദേശില്‍നിന്ന് 1960കളില്‍ ഇന്ത്യയിലേക്ക് കുടിയേറിയവരാണ് ഇവര്‍. 1971ന് മുമ്പ് ഇന്ത്യയിലെത്തിയവര്‍ പൗരത്വ പട്ടികയില്‍ ഇടംപിടിക്കുമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും തങ്ങള്‍ പട്ടികയ്ക്കു പുറത്താണെന്ന് ഇവര്‍ വേദനയോടെ പറയുന്നു.

അത്തരത്തിലുള്ള ഒരു ഹിന്ദു ബംഗാളി അഭയാര്‍ത്ഥിയാണ് ശ്യാമപദ ചക്രവര്‍ത്തി. ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ടു പെണ്‍കുട്ടികള്‍ക്കും പട്ടികയില്‍ ഇടമില്ല. കിഴക്കന്‍ പാകിസ്താനിലെ (ഇപ്പോഴത്തെ ബംഗ്ലാദേശ്) അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് ഇവര്‍ ഇന്ത്യയിലേക്ക് ചേക്കേറിയത്. തുടര്‍ന്ന് പതിറ്റാണ്ടുകളായി ഇവിടെ കഴിഞ്ഞു വരികയാണ്.

തങ്ങളുടെ കുടിയേറ്റ സമയത്ത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നഹ്‌റു കിഴക്കന്‍ പാകിസ്താനിലെ ഹിന്ദുക്കളെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും അഭയം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നതായി ചക്രവര്‍ത്തി പറയുന്നു. തങ്ങളുടെ എല്ലാ രേഖകളും നിയമാനുസൃതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ ആകെ പരിഭ്രാന്തിയിലാണെന്ന് ചക്രവര്‍ത്തിയുടെ ഭാര്യ ഭാര്യ രത്‌ന ചക്രവര്‍ത്തി പറയുന്നു. പട്ടികയില്‍ ഇടംപിടിക്കാന്‍ കേസിന് പോവുന്നതിന് തങ്ങളുടെ കൈവശം പണമില്ല. തങ്ങളുടെ മക്കളുടെ ഭാവിയില്‍ കടുത്ത ആശങ്കയുണ്ട്. പട്ടികയില്‍ ഇടംപിടിക്കാന്‍ ആവാത്തതിനാല്‍ മക്കളുടെ ഭാവി ഇരുളടഞ്ഞതായി അവര്‍ വിലപിക്കുന്നു.

തന്റെ ഭാവിയെക്കുറിച്ചുള്ള ഉല്‍കണ്ഠയില്‍ താന്‍ രോഗ ബാധിതനായെന്ന് ആഴ്ച ചന്തയിലെ വ്യാപാരിയായ മറ്റൊരു ഹിന്ദു ബംഗാളി അഭയാര്‍ഥി ഡിനോ കൃഷ്‌നോ ദാസ് പറയുന്നു. ഊണിലും ഉറക്കിലും എന്‍ആര്‍സിയെക്കുറിച്ചുള്ള ചിന്ത തന്നെ മദിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നിയമ സാധുതയുള്ള ഹിന്ദു കുടിയേറ്റക്കാര്‍ക്കൊപ്പം പാര്‍ട്ടി നിലകൊള്ളുമെന്നും അവരുടെ കേസുകള്‍ നടത്തുമെന്നും ബിജെപി നേതാവും അസം മന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

'സാങ്കേതിക തകരാറുകള്‍' ഹിന്ദു ബംഗാളി അഭയാര്‍ഥികളെ പട്ടികയില്‍ ഇടംപിടിക്കുന്നതില്‍നിന്നു തടഞ്ഞിരിക്കാമെന്നും ഇവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News