മനുഷ്യാവകാശ കമ്മീഷന്റെപേരില്‍ തട്ടിപ്പ്: എപ്പിഡമിക് ഓര്‍ഡിനന്‍സിന്റെഅടിസ്ഥാനത്തില്‍ കേസെടുക്കണമെന്ന്കമ്മീഷന്‍

ഇത്തരം നിയമലംഘനങ്ങള്‍ സംസ്ഥാനത്ത് ഒരിടത്തും നടക്കാതിരിക്കാന്‍ ആവശ്യമായ നിര്‍ദേശം ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നല്‍കണമെന്നും കമ്മീഷന്‍ ജൂഡിഷ്യല്‍ അംഗം പി.മോഹനദാസ് ആവശ്യപ്പെട്ടു.

Update: 2020-04-03 14:55 GMT

തൃശൂര്‍: കൊവിഡ് 19 ഉയര്‍ത്തുന്ന ആശങ്കയുടെ മറവില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പുകളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കേരള എപ്പിഡമിക്ക് ഡിസീസസ് ഓര്‍ഡിനന്‍സിന്റെയും ദുരന്ത നിവാരണ നിയമത്തിന്റെയും അടിസ്ഥാനത്തില്‍ കേസെടുത്ത് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

ഇത്തരം നിയമലംഘനങ്ങള്‍ സംസ്ഥാനത്ത് ഒരിടത്തും നടക്കാതിരിക്കാന്‍ ആവശ്യമായ നിര്‍ദേശം ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നല്‍കണമെന്നും കമ്മീഷന്‍ ജൂഡിഷ്യല്‍ അംഗം പി.മോഹനദാസ് ആവശ്യപ്പെട്ടു.

വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കഴിഞ്ഞ വ്യാഴാഴ്ച തൃശൂര്‍ പഴയന്നൂരിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി.

2 ചാക്ക് അരി, 25 കിലോ വീതം മൈദ, പഞ്ചസാര എന്നിവയാണ് പട്ടാമ്പി തൃത്താല സ്വദേശി മുസ്തഫയും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന നാട്യന്‍ ചിറ സ്വദേശിനി നസീമയും ചേര്‍ന്ന് തട്ടിയത്. മനുഷ്യാവകാശ കമ്മീഷന്റെ ലേബലിലാണ് ഇവ വാങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം. ബെലേറോ ജീപ്പിന്റെ ഗ്ലാസില്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്ന് ചുവന്ന അക്ഷരത്തില്‍ വലിപ്പത്തില്‍ സ്റ്റിക്കര്‍ പതിപ്പിച്ചാണ് ഇവര്‍ കടയില്‍ എത്തിയത്. നീല ചെറിയ ബേര്‍ഡില്‍ വെള്ള അക്ഷരത്തില്‍ വാഹനത്തിന്റെ മുന്നിലും പിന്നിലും പ്രസിഡന്റ് , ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ എന്ന മറ്റൊരു ബോര്‍ഡുമുണ്ട്. ഇതില്‍ ഓര്‍ഗനൈസേഷന്‍ എന്നത് ചെറിയ അക്ഷരത്തിലായതിനാല്‍ ഒറ്റനോട്ടത്തില്‍ മനുഷ്യാവകാശ കമ്മീഷനിലെ വാഹനമാണെന്ന് തെറ്റിദ്ധരിക്കും. പോലിസ് ചോദിച്ചപ്പോള്‍ ബോര്‍ഡ് കണ്ടില്ലേ എന്നാണ് ഇവര്‍ പറഞ്ഞത്. ഇവര്‍ സൗജന്യമായി സാധനം കൊണ്ടുപോയ ശേഷം സംശയം തോന്നിയ കടയുടമ പഴയന്നൂര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് പിടി കൂടിയപ്പോള്‍ തങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകരാണെന്നും സാധുജനങ്ങളെ സഹായിക്കാനാണ് അരി വാങ്ങിയതെന്നും പോലിസിനോട് പറഞ്ഞു. ഫാമുകളും ക്വാറികളും സന്ദര്‍ശിച്ച് ഇവര്‍ പണം തട്ടാറുണ്ടെന്നും പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. പോലിസ് പിടിച്ചെടുത്ത വാഹനം കൊടുങ്ങല്ലൂര്‍ സ്വദേശിയുടേതാണ്. ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയുടെ ആസ്ഥാനം തിരുവനന്തപുരത്താണെന്ന് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. പിടിയിലായ വ്യക്തിക്ക് വിസിറ്റിംഗ് കാര്‍ഡുമുണ്ട്. തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഇവര്‍ തട്ടിപ്പുകള്‍ നടത്തുന്നത്.

മനുഷ്യാവകാശ കമ്മീഷന്റേത് എന്ന് കരുതാവുന്ന സ്റ്റിക്കറും ബോര്‍ഡും വാഹനങ്ങളില്‍ പതിപ്പിച്ച് തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കമ്മീഷന്‍ മുമ്പും സംസ്ഥാന പോലിസ് മേധാവിക്ക് ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് കമ്മീഷന്‍ അംഗം പി മോഹനദാസ് പറഞ്ഞു.

ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇതേ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ഞെട്ടിക്കുന്നതാണ്. ഇത്തരം നിയമലംഘനങ്ങള്‍ മോട്ടോര്‍ വാഹന നിയമപ്രകാരവും കുറ്റകരമാണ്. സംസ്ഥാനം മുഴുവന്‍ ലോക്ക് ഔട്ടിലായിരിക്കുമ്പോള്‍ ഇത്തരം കുറ്റകരമായ നടപടികള്‍ കര്‍ശനമായിനേരിടണമെന്നു കമ്മീഷന്‍ ആവശ്യപ്പെട്ടു. നടപടി സ്വീകരിച്ച ശേഷം സംസ്ഥാന പോലിസ് മേധാവി 45 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേസ് തൃശൂരില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. 

Tags: