മായാവതിക്കെതിരേ മോശം പരാമര്‍ശവുമായി ബിജെപി എംഎല്‍എ; വിവാദം കൊഴുക്കുന്നു
അധികാരത്തിനു വേണ്ടി മാനം വിറ്റ മായാവതി സ്ത്രീത്വത്തിന് കളങ്കമാണെന്നായിരുന്നു ബിജെപി നേതാവ് സാധന സിങിന്റെ പരാമര്‍ശം.
ലഖ്നോ: ബഹുജന്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷ മായാവതിക്കെതിരേ യുപിയിലെ ഭരണകക്ഷിയായ ബിജെപിയുടെ എംഎല്‍എ നടത്തിയ നിന്ദ്യമായ പരാമര്‍ശങ്ങള്‍ക്കെതിരേ കടുത്ത പ്രതിഷേധമുയരുന്നു. അധികാരത്തിനു വേണ്ടി മാനം വിറ്റ മായാവതി സ്ത്രീത്വത്തിന് കളങ്കമാണെന്നായിരുന്നു ബിജെപി നേതാവ് സാധന സിങിന്റെ പരാമര്‍ശം.സ്വയം ബഹുമാനമില്ലാത്തവരാണ് അവര്‍. പലപ്പോഴും പീഡനത്തിനിരയായി.
ചരിത്രത്തില്‍ ദ്രൗപതി പീഡനത്തിനിരയായപ്പോള്‍ പ്രതികാരം ചെയ്യുമെന്നാണ് അവര്‍ തീരുമാനിച്ചത്.എന്നാല്‍, ഈ സ്ത്രീക്ക് എല്ലാം നഷ്ടപ്പെട്ടിട്ടും അവര്‍ സ്വന്തം ആത്മാഭിമാനം അധികാരത്തിന് വേണ്ടി വിറ്റതായും സാധന കുറ്റപ്പെടുത്തി. ഒരു സ്ത്രീക്ക് ഇങ്ങനെ ചെയ്യാനാവില്ലെന്നും സാധന സിംഗ് പറഞ്ഞു.1995ല്‍ മായാവതിയെ സമാജ് വാദി പ്രവര്‍ത്തകര്‍ അക്രമിച്ച സംഭവത്തെ ചൂണ്ടിക്കാണിച്ചായിരുന്നു ബിജെപി നേതാവിന്റെ പരാമര്‍ശം.
അതേസമയം, സാധനയുടെ പരാമര്‍ശങ്ങള്‍ സംസ്ഥാനത്ത് വന്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. എസ്പി-ബിഎസ്പി സഖ്യത്തിന്റെ വരവില്‍ ഭയന്ന് ബിജെപിക്ക് കാഴ്ച്ച നഷ്ടപ്പെട്ടിരിക്കുകയാണ്. യുപിയില്‍ ബിജെപി പരാജയപ്പെടുമെന്ന് അവര്‍ക്കറിയാം. രാജ്യത്തെ സ്ത്രീകളെ മൊത്തമായി അധിക്ഷേപിക്കുന്ന പ്രസ്താവനയാണിത്. ബിജെപിക്ക് ധാര്‍മികത നഷ്ടപ്പെട്ടിരിക്കുകയാണെന്നും ബിഎസ്പി നേതാവ് സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു. കോണ്‍ഗ്രസ് വക്താവ് പ്രിയങ്കാ ചതുര്‍വേദിയും ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. സ്ത്രീത്വത്തിനെതിരേയുള്ള കടന്നാക്രമണമാണെന്നാണ് എസ്പി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചത്.