കണ്ണൂരില്‍ ദേശീയപാത നിര്‍മാണത്തിനിടെ റോഡ് ഇടിഞ്ഞ് വീട് തകര്‍ന്നുവീണു(വീഡിയോ)

Update: 2024-06-07 13:32 GMT

കണ്ണൂര്‍: കണ്ണൂരില്‍ ദേശീയപാത നിര്‍മാണത്തിനിടെ റോഡ് ഇടിഞ്ഞ് വീട് തകര്‍ന്നുവീണു. താഴെചൊവ്വ ആറ്റടപ്പ മുട്ടോളം പാറയില്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. മഞ്ജിമ നിവാസില്‍ ഷൈനുവിന്റെ കോണ്‍ക്രീറ്റ് വീടാണ് നിലംപതിച്ചത്. നിര്‍മാണം നടക്കുന്ന റോഡിലെ മണ്ണും ചെളിയും ഒലിച്ചിറങ്ങിയതിനു പിന്നാലെയാണ് വീട് പിളര്‍ന്ന് 16 അടിയോളം താഴേക്ക് പതിച്ചത്. വൈദ്യുതി തൂണും സമീപത്തെ മതിലും ഉള്‍പ്പെടെ തകര്‍ന്നു. അപകടസമയം ആളില്ലാത്തതിനാല്‍ തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. റോഡ് നിര്‍മാണം കാരണം അപകടഭീഷണിയെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് കുടുംബം വാടകവീട്ടിലേക്ക് താമസം മാറിയത്. അപകട സമയത്തിന് തൊട്ടുമുമ്പാണ് വീട്ടിലെ സാധനങ്ങള്‍ വാഹനത്തിലേക്കു മാറ്റിയതെന്നാണ് വിവരം. വിവരമറിഞ്ഞ് സംഭവ സ്ഥലം ദേശീയപാത അതോറിറ്റി അധികൃതരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.


Tags: