മോഡലിനെ പീഡിപ്പിക്കാന്‍ ശ്രമം; ബിജെപി യുവ നേതാവിനെതിരേ കേസ്

തെലങ്കാനയില്‍ കൂട്ടബലാത്സംഗത്തിന് ശേഷം ക്രൂരമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഘാതകരെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ച് മണിക്കൂറുകള്‍ക്കകമാണ് ബിജെപി യുവനേതാവ് ലൈംഗിക പീഡന ശ്രമം നടത്തിയത്.

Update: 2019-12-01 16:35 GMT

ഹൈദരബാദ്: മുന്‍ ബിഗ് ബോസ് താരവും മോഡലുമായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ബിജെപി യുവ നേതാവും തെലങ്കാന മുന്‍ എംഎല്‍എയുടെ മകനുമായ ആശിഷ് ഗൗഡിനെതിരേ മാധാപൂര്‍ പോലിസ് കേസെടുത്തു. തെലങ്കാനയില്‍ കൂട്ടബലാത്സംഗത്തിന് ശേഷം ക്രൂരമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഘാതകരെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ച് മണിക്കൂറുകള്‍ക്കകമാണ് ബിജെപി യുവനേതാവ് ലൈംഗിക പീഡന ശ്രമം നടത്തിയത്.

2009ല്‍ പത്തേന്‍ചേരു മണ്ഡലത്തെ പ്രതിനിധീകരിച്ച് തെലങ്കാന നിയമസഭയിലെത്തിയ നന്ദേശ്വര്‍ ഗൗഡിന്റെ മകനാണ് ഭാരതീയ ജനത യുവ മോര്‍ച്ച (ബിജെവൈഎം) അംഗമായ ആശിഷ്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ചയാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. സുഹൃത്തുക്കളുമൊത്ത് സൈബരാബാദിലെ മാധാപൂരിലുള്ള പമ്പില്‍ നില്‍ക്കുമ്പോള്‍ അശിഷും അദ്ദേഹത്തിന്റെ രണ്ടു സുഹൃത്തുക്കളും അവരെ സമീപിക്കുകയും മോശമായി പെരുമാറുകയുമായിരുന്നു. തുടര്‍ന്ന് കയ്യില്‍ കടന്നു പിടിക്കുകയും അസഭ്യം പറയുകയും ചെയ്തു. പിന്നാലെ, ഇവര്‍ക്കു നേരേ കുപ്പികള്‍ എറിയുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

പരാതിയെത്തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 354, സെക്ഷന്‍ 509 എന്നിവ പ്രകാരം മാധാപൂര്‍ പോലിസ് ആശിഷിനും സുഹൃത്തുക്കള്‍ക്കുമെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അതേസമയം, ആരോപണങ്ങള്‍ ആശിഷ് നിഷേധിച്ചിട്ടുണ്ട്.

Tags: