കേരളത്തിന്റെ സമാധാനത്തിന് ഭീഷണിയായ ആര്‍എസ്എസ്സിനെ നിലയ്ക്ക് നിര്‍ത്താന്‍ ആഭ്യന്തരവകുപ്പ് തയ്യാറാവണം: പോപുലര്‍ ഫ്രണ്ട്

തിങ്കളാഴ്ച പുലര്‍ച്ചെ തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനായ ഹരിദാസിനെ ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത് അപലപനീയമാണ്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.

Update: 2022-02-21 12:01 GMT

കോഴിക്കോട്: കേരളത്തിന്റെ സമാധാന അന്തരീക്ഷത്തിന് ഭീഷണിയായ ആര്‍എസ്എസ്സിനെ നിലയ്ക്ക് നിര്‍ത്താന്‍ ഇനിയെങ്കിലും ആഭ്യന്തരവകുപ്പ് തയ്യാറാവണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ് പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനായ ഹരിദാസിനെ ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത് അപലപനീയമാണ്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍, സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപ് എന്നിവരെ അടുത്തിടെയാണ് ആര്‍എസ്എസ് കൊലപ്പെടുത്തിയത്. തുടര്‍ച്ചയായി കൊലപാതകങ്ങള്‍ നടക്കുമ്പോഴും ആഭ്യന്തരവകുപ്പ് തുടരുന്ന അലംഭാവമാണ് വീണ്ടും കൊലക്കത്തിയെടുക്കാന്‍ ആര്‍എസ്എസ്സിനെ പ്രേരിപ്പിക്കുന്നത്.

അടുത്തിടെയായി ആര്‍എസ്എസ് സ്വാധീനമേഖലകളില്‍ ദിനംപ്രതി അക്രമങ്ങളും കൊലപാതകങ്ങളും വര്‍ധിക്കുകയാണ്. കൊലവിളികളും ബോംബ് നിര്‍മാണവും ഉള്‍പ്പടെ ആര്‍എസ്എസ് അക്രമത്തിന് തയ്യാറെടുക്കുന്നതിന്റെ തെളിവുകള്‍ സഹിതം പുറത്തുവന്നിട്ടും ആഭ്യന്തരവകുപ്പ് തുടരുന്ന നിഷ്‌ക്രിയത്വമാണ് ഹരിദാസിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.

വര്‍ഗീയത പ്രചരിപ്പിക്കുകയും ആയുധങ്ങള്‍ സംഭരിക്കുകയും നിരപരാധികളെ കൊന്നുതള്ളുകയും ചെയ്യുന്നതിലൂടെ ആര്‍എസ്എസ് കലാപവും അതുവഴി വംശഹത്യയുമാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് പ്രത്യേകിച്ച് വടക്കന്‍ കേരളത്തില്‍ വലിയതോതില്‍ ആര്‍എസ്എസ് ആയുധസംഭരണം നടത്തുകയാണ്. വടകരയിലും പയ്യന്നൂരിലുമായി കഴിഞ്ഞ രണ്ടാഴ്ചക്കിടെ ബോംബ് നിര്‍മാണത്തിനിടെ രണ്ട് ആര്‍എസ്എസ് നേതാക്കള്‍ക്കാണ് പരിക്കേറ്റത്.

കഴിഞ്ഞ നവംബറില്‍ മൂന്ന് ആര്‍എസ്എസ് കേന്ദ്രങ്ങളിലാണ് ബോംബ് സ്‌ഫോടനമുണ്ടായത്. ആര്‍എസ്എസ്സും പോഷകസംഘടനകളും സംസ്ഥാനത്ത് വര്‍ഗീയ കലാപത്തിന് കോപ്പുകൂട്ടുകയാണ് എന്നതിന്റെ തെളിവാണിത്. ദേശീയ പുരസ്‌കാര ജേതാവായ സിനിമ സംവിധായകനും നാടകപ്രവര്‍ത്തകനുമായ സുവീരന്‍, ജീവിത പങ്കാളി അമൃത എന്നിവരെ കഴിഞ്ഞദിവസം കോഴിക്കോട് കുറ്റിയാടി വേളത്തെ വീട്ടില്‍ കയറി ആര്‍എസ്എസ് പ്രര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു.

ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുക്കുന്നതും ആര്‍എസ്എസ് നേതാക്കള്‍ പരസ്യമായി തോക്കുള്‍പ്പടെയുള്ള ആയുധപ്രദര്‍ശനം നടത്തുന്നതും സമീപകാലത്ത് വര്‍ധിച്ചിട്ടുണ്ട്. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളും അമ്പലങ്ങളും സേവാകേന്ദ്രങ്ങളുമെല്ലാം ആയുധപ്പുരകളായി മാറുകയാണ്. ആര്‍എസ്എസ്സിന്റെ പോഷക സംഘടനയായ സേവാഭാരതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പറവൂരിലെ അമ്പാടി സേവാകേന്ദ്രത്തിന്റെ കീഴിലുള്ള ആംബുലന്‍സില്‍ നിന്നും അടുത്തിടെ തോക്ക് പിടികൂടിയിരുന്നു. ഷാന്‍ കൊലക്കേസിലെ പ്രതികളെ രക്ഷപെടുത്തിയതും സേവാഭാരതി ആംബുലന്‍സിലാണ്. ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിരന്തരം ബോംബുകളും ആയുധങ്ങളും കണ്ടെത്തുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും സേവാഭാരതി ഉള്‍പ്പടെ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള മുഴുവന്‍ ചാരിറ്റി സ്ഥാപനങ്ങളിലും റെയ്ഡ് നടത്തണം. ഹരിദാസിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ആഭ്യന്തരവകുപ്പ് നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News