ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ ജലസമാധി ഭീഷണി; സന്യാസിയെ വീട്ടു തടങ്കലിലാക്കി പോലിസ്

ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ജലസമാധി അടയുമെന്നായിരുന്നു ഇയാളുടെ അവകാശവാദം

Update: 2021-10-02 14:10 GMT

അയോധ്യ: ഒക്ടോബര്‍ രണ്ടിനകം ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ ജല സമാധിയടയുമെന്ന് അവകാശവാദമുന്നയിച്ച സന്ന്യാസി ആചാര്യ മഹാരാജിനെ പോലിസ് വീട്ടുതടങ്കലിലാക്കി. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ജലസമാധി അടയുമെന്നായിരുന്നു ഇയാളുടെ അവകാശവാദം ഹിന്ദു രാഷ്ട്ര പ്രഖ്യാപനത്തിന് ഇത് രണ്ടാംതവണയാണ സന്യാസി സര്‍ക്കാരിന് അന്ത്യശാസനം നല്‍കുന്നത്. നേരത്തെ സമാനമായ സാഹചര്യത്തില്‍ സന്യാസിയെ വീടുതടങ്കലിലാക്കിയിരുന്നു. ഇന്നും അതുതന്നെയാണ് സംഭവിച്ചത്. വെള്ളിയാഴ്ച വൈകീട്ട് വന്‍തോതില്‍ പോലീസുകാരെ ആശ്രമത്തിന് മുന്നില്‍ വിന്യസിച്ചു. സന്യാസി ജഗദ്ഗുരു ആചാര്യയ്ക്ക് ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞാണ് പോലിസുകാരെ വിന്യസിച്ചത്. ഇന്ന് സരയൂ നദിയിലെ വെള്ളം ഉപയോഗിച്ച് ജലസമാധിയാവുമെന്നായിരുന്നു ഇയാള്‍ പ്രഖ്യാപിച്ചിരുന്നത്.

ഒക്ടോബര്‍ രണ്ടിനകം ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ സരയൂ നദിയില്‍ ജലസമാധിയാവും എന്ന് മഹാരാജ് ദിവസങ്ങള്‍ക്കു മുമ്പാണ് പ്രഖ്യാപിച്ചത്.ഇന്ത്യക്കാരായ എല്ലാ മുസ്‌ലിംകളുടേയും ക്രിസ്ത്യാനികളുടേയും പൗരത്വം ഔദ്യോഗികമായി റദ്ദാക്കണമെന്ന ആവശ്യവും ഇയാള്‍ ഉയര്‍ത്തിയിരുന്നു.

സരയൂജലം മൂക്കിലൂടെ ഒഴിച്ച് ജല സമാധി വരിക്കുമെന്നാണ് ഇയാള്‍ അറിയിച്ചിരുന്നത്. കഴിഞ്ഞ സെപ്തംബര്‍ 28ന് ആയിരുന്നു ആചാര്യ മഹാരാജ് 'ജലസമാധി' ഭീഷണിയുമായി എത്തിയത്.

എന്നാല്‍ മഹാരാജ് വീട്ടു തടങ്കലിലാണ് എന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ അറിയിച്ചു. വീട്ടിന് പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ ഇയാളുമായി നിരന്തരം ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നുമാണ് ശിഷ്യന്മാര്‍ അറിയിക്കുന്നത്. തന്റെ ജലസമാധി രീതി വിവരിക്കുന്ന ആചാര്യ മഹാരാജിന്റെ ഒരു വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

നേരത്തെയും രണ്ടുതവണ ഇത്തരത്തിലുള്ള പ്രഖ്യാപനം ഇദ്ദേഹം നടത്തിയിരുന്നു. വീട്ടു തടങ്കലിലാക്കിയതിനെത്തുടര്‍ന്ന് ഇയാള്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്മാറുകയുമായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് സന്യാസി ഇതേ ആവശ്യം ചൂണ്ടിക്കാട്ടി വലിയ യാഗം നടത്തിയിരുന്നു. ഹിന്ദുരാഷ്ട്ര പ്രഖ്യാപനമുണ്ടായില്ലെങ്കില്‍ ചിതയില്‍ ചാടുമെന്നായിരുന്നു ഭീഷണി. അന്നും പോലിസ് ഇടപെടുകയായിരുന്നു. പിന്നീട് അദ്ദേഹം ഭക്ഷണം ഉപേക്ഷിച്ചു. ഒടുവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെടുകയും ചില ഉറപ്പുകള്‍ നല്‍കുകയും ചെയ്തതോടെയാണ് സമരം അവസാനിപ്പിച്ചത്.

Tags:    

Similar News